ശബരിമല പ്രവേശനം: സ്ത്രീകളുടെ വില്ലുവണ്ടി യാത്ര നാളെ മുതല്‍

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതീകാത്മക വില്ലുവണ്ടി യാത്ര സംഘടിപ്പിക്കും. നാളെ രാവിലെ ഒമ്പതിനു ഹൈക്കോടതി ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന വില്ലുവണ്ടി യാത്രയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ മുന്നൊരുക്കമായി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വഞ്ചിസ്‌ക്വയറില്‍ വില്ലുവണ്ടി യാത്ര പ്രഖ്യാപന സമ്മേളനം നടക്കും. ഭരണഘടന നിര്‍മിതിയില്‍ സ്ത്രീകളുടെ പ്രതിനിധിയായിരുന്ന ദാക്ഷായണി വേലായുധന്റെ മകള്‍ മീര വേലായുധന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വില്ലുവണ്ടി യാത്രകള്‍ 16ന് മൂന്നിന് എരുമേലിയില്‍ ബഹുജന കണ്‍വന്‍ഷനോടെ സമാപിക്കും. 
സുപ്രീം കോടതി ശക്തമായി ആവശ്യപ്പെട്ടിട്ടും ശബരിമലയില്‍നിന്നു സ്ത്രീകളെ അകറ്റി നിര്‍ത്തുകയാണ്. അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിച്ചു മുന്നോട്ടുവരുന്നവര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ഭരണകൂടം തയാറാകണമെന്നും വില്ലുവണ്ടി യാത്ര സംഘാടകര്‍ പറഞ്ഞു. ഇന്നു നടക്കുന്ന യാത്ര പ്രഖ്യാപനസമ്മേളനത്തോട് അനുബന്ധിച്ച് ചിത്രരചന, സമരകവിതാ അവതരണം, തെരുവ് നാടകം , പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ ഉണ്ടാകും. ജെസിന്‍, നന്ദിനി, കുഞ്ഞമ്മ മൈക്കിള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍