കൃത്രിമ കൈകള്‍ നല്‍കാന്‍ നിലമ്പൂര്‍ റോട്ടറി ക്ലബ് പദ്ധതി

നിലമ്പൂര്‍: സംസ്ഥാനത്താദ്യമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈകള്‍ വച്ചുപിടിപ്പിക്കാന്‍ നിലമ്പൂര്‍ റോട്ടറി ക്ലബ്ബ് പദ്ധതി തയാറാക്കുന്നു. റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3202, 3190 എന്നിവയുടെ സഹായത്തോടെ ജനുവരി 27ന് നിലമ്പൂര്‍ ഏലംകുളം ആശുപത്രിയില്‍ ഇതു സംബന്ധിച്ചുള്ള ക്യാന്പ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൈകള്‍ നഷ്ടമായവര്‍ക്കായാണ് കൃത്രിമ കൈകള്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്. കൃത്രിമ കൈകള്‍ വച്ചു പിടിപ്പിക്കുന്നതിലൂടെ സാധാരണ ചെയ്യാവുന്ന എല്ലാ ജോലികളും ചെയ്യാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിലപിടിപ്പുള്ള ഈ കൈകള്‍ തികച്ചും സൗജന്യമായാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. ജനുവരി 15ന് മുമ്പ് റജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 150 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൃത്രിമ കൈകള്‍ നല്‍കുക. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ അത് പരിഗണിക്കും. 3202, 3190 റോട്ടറി ഡിസ്ട്രിക്ടുകളുടെ പരിധിയിലാണ് പരിപാടി നടക്കുന്നതെങ്കിലും കേരളത്തില്‍ ആര്‍ക്കും ആവശ്യമുണ്ടെങ്കില്‍ കൈകള്‍ വിതരണം ചെയ്യും.ജനുവരി 27ന് മുമ്പ് അര്‍ഹരെ കണ്ടെത്താന്‍ നടപടി തുടങ്ങും. കൈമുട്ടിന് താഴെ നാല് ഇഞ്ച് നീളമെങ്കിലുമുള്ള അഞ്ച് വയസിന് മേല്‍ പ്രായമുള്ള ആര്‍ക്കും ഇത് പിടിപ്പിക്കാവുന്നതാണ്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയാണ് കൈകള്‍ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. നിലമ്പൂര്‍ റോട്ടറി ക്ലബ്ബും റോട്ടറി ഇന്റര്‍ നാഷണലും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. റജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9633868643 എന്ന നന്പറുമായി ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ വിനോദ് പി.മേനോന്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ഇ.കെ.ഉമ്മര്‍, സി.ബ്രിജേഷ്, എം.ദിലീപ്, സനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍