അതിരുവിട്ട ആവേശം ; രോഹിതിന് ട്വിറ്ററില്‍ വിമര്‍ശനം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹനുമ വിഹാരിയെ മറികടന്ന് രോഹിത് ശര്‍മയ്ക്കു ടീമില്‍ സ്ഥാനം നല്‍കാനാണ് നായകന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചത്. നായകന്റെ തീരുമാനം ശരിവച്ച് രോഹിത് മികച്ച രീതിയില്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ 59 പന്തില്‍ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടി നില്‍ക്കവെ നഥാന്‍ ലിയോണിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ച രോഹിത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രോഹിതിന്റെ സ്വീപ്പ് ഷോട്ട് ബൗണ്ടറി ലൈനലില്‍ മാര്‍ക്വസ് ഹാരിസ് പന്ത് പിടിച്ചു. എന്നാല്‍ കാല്‍ ബൗണ്ടറി ലൈനിനു പുറത്തുപോയി. ഉടന്‍തന്നെ ഹാരിസ് പന്ത് അകത്തേക്ക് എറിഞ്ഞെങ്കിലും കാല്‍ ലൈനിനു പുറത്തു മുട്ടിയതിനാല്‍ അമ്പയര്‍ സിക്‌സ് അനുവദിച്ചു. ഇതില്‍നിന്ന് പഠിക്കാന്‍ തയാറാകാതെ രോഹിത് തൊട്ടടുത്ത പന്തിലും സമാന ഷോട്ടിനു ശ്രമിച്ചു. ടൈമിംഗ് പിഴച്ച പന്ത് ഹാരിസിന്റെ കൈയില്‍ ഒതുങ്ങി. 61 പന്തില്‍നിന്ന് മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 37 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. ഇന്ത്യ തകര്‍ച്ചയെ നേരിടവെ വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ കഴിയാത്ത രോഹിതിന്റെ സമീപനം ടെസ്റ്റ് ക്രിക്കറ്റിനു ചേര്‍ന്നതല്ലെന്ന് വിമര്‍ശകര്‍ കരുതുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍