ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി സി. രവീന്ദ്രനാഥ്

ചവറ: ലോകരാഷ്ട്രങ്ങള്‍ പോലും അത്ഭുതപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസം നല്‍കുന്ന തരത്തില്‍ കേരളത്തിലെ സ്‌കൂളുകളെ മാറ്റിയെടുക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.ചവറ കൊട്ടുകാട് ഖാദരിയ്യ ഹൈസ്‌കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്.അന്താരാഷ്ട്ര നിലവാരത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതോടെ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആദ്യം സര്‍ക്കാര്‍ സ്‌കൂളുകളായിരിക്കും പരിഗണിക്കുക. അത്തരത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കരണ നടപടികളെപ്പറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനനുസരിച്ച് മാറ്റം വരുത്തും.കേരള ചരിത്രത്തില്‍ ആദ്യമായാണ് കെട്ടിട നിര്‍മ്മാണത്തിനായി എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്.അടുത്തവര്‍ഷം എല്‍പി, യുപി വിഭാഗവും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കൊട്ടുകാട് മുസ്ലിം ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്‍.വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു. മുന്‍ എംഎല്‍എ ഡോ.എ.യൂനുസ് കുഞ്ഞ്, കൊട്ടുകാട് ജമാ അത്ത് ഇമാം അബ്ദുള്‍ റഹിം നിസാമി, കരുനാഗപ്പളളി താലൂക്ക് യൂണിയന്‍ ജമാ അത്ത് പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എസ്.സന്തോഷ്‌കുമാര്‍, ശ്രീകല, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിളള, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം എല്‍.ഷംസുദീന്‍, കൊട്ടുകാട് മുസ്ലിം ജമാ അത്ത് സെക്രട്ടറി സി.ജെ.മുഹമ്മദ് സഫറുളളാഖാന്‍, പിടിഎ പ്രസിഡന്റ് അമീര്‍ അലീ ഖാന്‍, ഖാദരിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.മുരളീധരന്‍, ഖാദരിയ്യ ഇന്‍ ചാര്‍ജ് പത്മകുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനോനുബന്ധിച്ച് വിവിധ മത്സരയിനങ്ങളില്‍ സ്‌കൂളില്‍ നിന്ന് പങ്കെടുത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍