രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വൈകീട്ട് തിരിതെളിയും

തിരുവനന്തപുരം: ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വൈകീട്ട് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഉദ്ഘാടന ചിത്രം അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ്' ആണ്. നഷ്ടബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം. 
164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തില്‍ 92 ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കും. അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ 'പോയ്‌സണസ് റോസസ്', ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ 'വിഡോ ഓഫ് സൈലന്‍സ്' എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. 'ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ' എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്. ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്‌സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'റിമെംബെറിങ് ദി മാസ്റ്റര്‍' വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍