ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് പുതിയ ജഴ്‌സി

ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ പുതിയ കുപ്പായമണിഞ്ഞ് ഇന്ത്യന്‍ ഫുട്ബാള്‍ ടീം യു.എ.ഇയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന് ഇറങ്ങും. ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പ്രകാശനം ന്യൂഡല്‍ഹിയില്‍ നടന്നു. നായകന്‍ സുനില്‍ ഛെത്രിയുടെ നേതൃത്വത്തില്‍ ഏഴ് താരങ്ങളാണ് പുത്തന്‍ ജഴ്‌സിയണിഞ്ഞെത്തിയത്. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗാന്‍, ജെജെ ലാല്‍ പെഖുല, റൗളിന്‍ ബോര്‍ഗസ്, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാല്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. 'സിക്‌സ് ഫൈവ് സിക്‌സ്' ആണ് ഇന്ത്യന്‍ ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സര്‍മാര്‍. ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ വാണിജ്യ പങ്കാളികളായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡുമായി അഞ്ചു വര്‍ഷത്തെ കരാറാണ് സിക്‌സ് ഫൈവ് സിക്‌സ് ഒപ്പിട്ടിരിക്കുന്നത്. കിറ്റ് സ്‌പോണ്‍സര്‍മാരായിരുന്ന നൈക്കിയുമായുള്ള കരാര്‍ ഈ വര്‍ഷമാദ്യം അവസാനിച്ചിരുന്നു. ഐ.എസ്.എല്ലില്‍ കേരള ബ്‌ളാസ്റ്റേഴ്‌സുമായും പൂനെ സിറ്റി എഫ്.സിയുമായും സ്‌പോണ്‍സര്‍ഷിപ്പ് ഉള്ള കമ്പനിയാണ് സിക്‌സ് ഫൈവ് സിക്‌സ്. പതിവ് നീല നിറം തന്നെയാണ് പുതിയ ഹോം ജഴ്‌സിക്കും. തിളക്കം ഏറിയിട്ടുണ്ട്. എവേ മാച്ചുകളില്‍ വെള്ള കുപ്പായമാണ് ഉപയോഗിക്കുക. സ്‌ളീവിലെ സ്ട്രിപ്പുകളാണ് ജഴ്‌സിയെ വ്യത്യസ്തമാക്കുന്നത്. 17ാമത് എ.എഫ്.സി ഏഷ്യന്‍ കപ്പിന് 2019 ജനുവരി അഞ്ചിനാണ് യു.എ.ഇയില്‍ തുടക്കമാകുന്നത്. എട്ട് വേദികളിലായാണ് മത്സരം. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ യു.എ.ഇ, തായ്‌ലന്‍ഡ്, ബഹ്‌റിന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയും മത്സരിക്കുന്നത്. ജനുവരി ആറിന് അബുദാബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി 10 ന് യു.എ.ഇയെയും 14 ന് ബഹ്‌റിനെയും ഇന്ത്യ നേരിടും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീ ക്വാര്‍ട്ടറിലെത്തുക. ഫെബ്രുവരി ഒന്നിനാണ് ഫൈനല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍