ചലച്ചിത്രമേള: എവരിബഡി നോസ് ഉദ്ഘാടന ചിത്രം

തിരുവനനന്തപുരം: 2009 ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനായ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് എന്ന സ്പാനിഷ് ചിത്രം 23ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. കാന്‍ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാകും മേള വേദിയാകുക. സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നു സ്‌പെയിനിലെത്തുന്ന ലോറ എന്ന യുവതിയുടെ കുട്ടിയെ മോചന ദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകുന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ലോറയും ദൈവം സഹായിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഭര്‍ത്താവും തന്റെ സന്പാദ്യം മൊത്തം ഉപയോഗിച്ചുകൊണ്ടായാലും കുട്ടിയെ രക്ഷിക്കണം എന്ന മനോഭാവത്തോടെ ഭാര്യയുടെ എതിര്‍പ്പ് പരിഗണിക്കാതെ ഓടിയെത്തുന്ന മുന്‍ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. പെനിലപ്പ് ക്രൂസ്, ഹാവിയര്‍ ബര്‍ദേം, റിക്കാര്‍ഡോ ഡാരിന്‍ എന്നിവരുടെ ഒന്നിനൊന്ന് മികച്ച അഭിനയം ചിത്രത്തെ മനോഹരമാക്കുന്നു. കാന്‍ അവാര്‍ഡിന് അര്‍ഹനാക്കിയ ബ്യൂട്ടിഫുളിലെ കഥാപാത്രത്തിന് ശേഷം ഹാവിയര്‍ ബര്‍ദേമിന്റെ മറ്റൊരു മികച്ച പ്രകടനമാണ് ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അസ്ഗര്‍ ഫര്‍ഹാദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. കുടുംബത്തിലെ അസന്തുഷ്ടി പരിശോധനാ വിധേയമാക്കുന്ന ഫര്‍ഹാദി ശൈലിയുടെ തുടര്‍ച്ച കൂടിയാണ് ചിത്രം. മുന്‍ മേളകളില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ എ സെപ്പറേഷന്‍, ദ സെയില്‍സ്മാന്‍ എന്നീ ചിത്രങ്ങള്‍ പിന്നീട് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍