മിക്ക് മുല്‍വേനി വൈറ്റ് ഹൗസ് ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ്

വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്ക് മിക്ക് മുല്‍വേനിയെ നിയമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് റിട്ടയേര്‍ഡ് ജനറല്‍ ജോണ്‍ കെല്ലി മാസാവസാനത്തോടെ പദവിവിടുന്നതിനാലാണ് മിക്കിന്റെ നിയമനം. നിലവില്‍ ട്രംപിന്റെ ഡയറക്ടര്‍ ഓഫ് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മിക്ക് മുല്‍വേനി. സ്ഥാനമൊഴിയുന്ന കെല്ലി മികച്ച ദേശസ്‌നേഹിയായിരുന്നെന്നും അദ്ദേഹത്തിന്റെ സേവനങ്ങളില്‍ വ്യക്തിപരമായി നന്ദി അര്‍പ്പിക്കുന്നതായും ട്രംപ് ട്വീറ്ററില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് തന്നെയാണ് ജോണ്‍ കെല്ലി മാസാവസാനത്തോടെ പദവിവിടുമെന്ന് അറിയിച്ചിരുന്നത്. അതേസമയം, ഡോണള്‍ഡ് ട്രംപുമായി ജോണ്‍ കെല്ലിക്കുണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയാണ് സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വൈറ്റ് ഹൗസ് ചീഫ് സ്ഥാനത്തേക്ക് 16 മാസം മുമ്പ് ജോണ്‍ കെല്ലി വരുന്നതും സമാനമായൊരു സംഭവത്തിനു പിന്നാലെയായിരുന്നു. അന്ന് റീന്‍സ് പ്രീബന്‍സ് ആയിരുന്നു വൈറ്റ് ഹൗസ് ചീഫ്. ട്രംപുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍