കായികരംഗത്ത് അനാവശ്യപ്രവണതകള്‍ അനുവദിക്കില്ല: മന്ത്രി

തിരുവനന്തപുരം: കായികരംഗത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും അനാവശ്യ പ്രവണതകള്‍ അനുവദിക്കില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരം വോളി ഫാമിലി ക്ലബ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പറില്‍ സംഘടിപ്പിച്ച ജിമ്മി ജോര്‍ജ് അനുസ്മരണവും ഉദയകുമാര്‍ നാഷണല്‍ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണത്തിലിരിക്കുന്ന 57 സ്റ്റേഡിയങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ദേശീയ, അന്താരാഷ്ട്രരംഗത്ത് മെഡല്‍ നേടുന്ന കായികതാരങ്ങള്‍ക്ക് ജോലി കൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2024ല്‍ കേരളത്തില്‍നിന്നും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയെന്ന ലക്ഷ്യത്തോടെ താരങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് പോലീസ് താരം ഗുരീന്ദര്‍ സിംഗിന് ഉദയകുമാര്‍ നാഷണല്‍ അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എഴുത്തുകാരനും സ്‌പോട്‌സ് ലേഖകനുമായ ജോണ്‍ സാമുവല്‍, സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ജി.കിഷോര്‍, ലേഖ ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ഗോപിനാഥ് സ്വാഗതവും പി.എസ് അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍