ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് അമര്‍നാഥ്

ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണി ഉള്‍പ്പെടെയുള്ള സീനിയര്‍ കളിക്കാര്‍ക്ക് ദേശീയ ടീമില്‍ കളിക്കാന്‍ യോഗ്യത നേടാന്‍ ആഭ്യന്തരമത്സരങ്ങളില്‍ കളിക്കണമെന്ന് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും ദേശീയ സെലക്ടറുമായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ്. ധോണിയെ ട്വന്റി 20 ടീമില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍നിന്നു നേരത്തെതന്നെ വിരമിച്ച മുന്‍ നായകന്‍ ഏകദിനത്തിലാണുള്ളത്. ഇത്തവണ സമയക്കുറവുകാരണം ധോണി 50 ഓവറുള്ള വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നില്ല. ആഭ്യന്തരതലത്തില്‍ ഒരു പരിശീലനവുമില്ലാതെയാണ് ധോണി ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കിറങ്ങുക. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. എന്നാല്‍ ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു നിങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കണമെങ്കില്‍ സംസ്ഥാന തലത്തിലും കളിക്കണം. ബിസിസിഐ നയത്തില്‍ മാറ്റമുണ്ടാക്കണം. നിരവധി സീനിയര്‍ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്നില്ല അമര്‍നാഥ് പറഞ്ഞു. ഇക്കാര്യം ഇതിഹാസ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ സുനില്‍ ഗാവസ്‌കറും പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ടെസ്റ്റ് ടീമില്‍ ഇടമില്ലാത്ത ശിഖര്‍ ധവാനും രഞ്ജി ട്രോഫിയില്‍ കളിക്കുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍