കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടനവേദി ഒരുങ്ങുന്നു

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ കൂറ്റന്‍ ഉദ്ഘാടന വേദി തയ്യാറായി വരികയാണ്. പ്രധാന പന്തലിന്റെ 60 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. മൊത്തം 1.2 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന വേദിയില്‍ 25,000 പേരെ ഉള്‍ക്കൊള്ളാനാകും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍,മാദ്ധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ പ്രത്യേക വിഭാഗമായാണ് ഇരിപ്പിടങ്ങള്‍ ഒരുക്കുക. വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്ക് പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കും. ഉദ്ഘാടനദിനത്തിന് മൂന്നോ നാലോ ദിവസം മുമ്പ് പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്‍.ഇല്‍.ഡി സ്‌ക്രീനുകളും ഫാനുകളും സ്ഥാപിക്കാനും ഇരിപ്പിടങ്ങളൊരുക്കാനും രണ്ട്മൂന്ന് ദിവസം വേണ്ടിവരും. പ്രധാന സ്റ്റേജിന്റെ പിന്‍ഭാഗത്തും സ്റ്റേജിന്റെ ഇരുവശങ്ങളിലും എല്‍. ഇ. ഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. പ്രധാന സ്റ്റേജിന് മുന്നിലായി ഒരു മിനി സ്റ്റേജും ഉണ്ടായിരിക്കും. ഇവിടെ പ്രശസ്ത ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ട് അരങ്ങേറും.
രാവിലെ ഏഴുമണി മുതല്‍ വേദിയില്‍ പാരമ്ബര്യ കലാ പ്രകടനങ്ങള്‍ അരങ്ങേറും. ടെര്‍മിനലില്‍ നിലവിളക്ക് തെളിയിച്ച് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും 10 മണിയോട് കൂടി വേദിയിലെത്തും. ടെര്‍മിനല്‍ കെട്ടിടം, ഫ്‌ളൈ ഓവറുകള്‍, എടിസി കെട്ടിടങ്ങള്‍ എന്നിവ ഉദ്ഘാടനത്തലേന്ന് ദീപങ്ങളാല്‍ അലംകൃതമാകും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് ബീം ലൈറ്റും ഫ്‌ളാഷ് ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍