ഒടിയന്‍,മലയാളസിനിമാഭാവിയുടെ ദിശാസൂചിയാകുമോ?

അന്ധകാരം കരിമ്പടം പുതച്ച നാട്ടിടവഴികളില്‍ കുറ്റിക്കാടുകളില്‍ ഒളിഞ്ഞിരുന്ന് എതിരാളിയുടെ മേല്‍ ചാടിവീഴുന്ന മനുഷ്യരൂപം,നിമിഷാര്‍ദ്ധം കൊണ്ട് കാളയായും നരിയായും രൂപാന്തരം പ്രാപിക്കുന്നു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ മൃഗരൂപത്തില്‍ പാഞ്ഞെത്തി കൊന്നു തള്ളുന്നു.... കണ്ണുകളില്‍ അത്യപൂര്‍വ്വമായ മഷിയെഴുതി,വെറ്റിലയില്‍ നൂറുതേച്ച് ചുള്ളിക്കൊമ്പെടുത്ത് രണ്ടായി ഒടിക്കുമ്പോള്‍ എവിടെയോയുള്ള ശത്രു ആ നേരം നട്ടെല്ല് തകര്‍ന്നു മരിച്ചു വീഴുന്നു....
ഗര്‍ഭിണികളെ സ്വപ്‌നാടനത്തിലൂടെയെത്തിച്ച് വയറു പിളര്‍ന്ന് ഭ്രൂണത്തെ പുറത്തെടുത്ത് രൂപം മാറ്റാനുള്ള വിദ്യസ്വായത്തമാക്കുന്ന മരുന്നു ഉണ്ടാക്കുന്നു....... നൂറ്റാണ്ടുകളായി നാടോടി വാമൊഴിയാല്‍ കേട്ട ഈ കഥ ഒടിയന്മാരുടേതാണ്.യാഥാര്‍ത്ഥ്യമേത്,മിഥ്യയേത് എന്ന് തിരിച്ചറിയാതെ വിഭ്രമ കല്പനകളാല്‍ ചാലിച്ചെഴുതിയ ഫാന്റസി ത്രില്ലറുകളാണ് ഒടിയന്മാരുടെ ജീവിതം.പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ പണ്ട് ഒടിയന്മാര്‍ ഉണ്ടായിരുന്നുവത്രേ. സത്യത്തിനും നുണയ്ക്കുമിടയില്‍ ഇപ്പോഴും ഒരു മിത്തായി ഒടിയന്‍ നില്ക്കുന്നു.നിഗൂഢതയുടെ വലയവുമായി ഒടിയന്മാര്‍ വിഭ്രമിപ്പിക്കുന്നു.മലയാള സിനിമ ഇന്നേവരെ കൈവെച്ചിട്ടില്ലാത്ത ഇതിവൃത്തമാണ് ഒടിയന്മാരുടെ ജീവിതം.കണ്‍കെട്ടു വിദ്യപോലെ മാസ്മരികമായ ആ ഇതിവൃത്തം ആദ്യമായി സിനിമയായിക്കഴിഞ്ഞു.സൂപ്പര്‍താരം മോഹന്‍ലാല്‍ മാണിക്യനായി എത്തുന്ന ഒടിയന്‍ സംവിധാനം ചെയ്തത് പ്രമുഖ പരസ്യ സംവിധായകനായ വി.എ.ശ്രീകുമാര്‍ മേനോന്‍.ഹരികൃഷ്ണന്റേതാണ് രചന.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനിന്റേയും സ്‌പെഷ്യല്‍ ഇഫക്ടുകളുടെയും സാന്നിധ്യത്തില്‍ കൂടുതല്‍ ആവേശഭരിതമാകുന്നു. നാളെ ഒടിയന്‍ തിയേറ്ററുകളിലെത്തുകയാണ്.കേരളത്തില്‍ മാത്രമല്ല,ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും വിദേശങ്ങളിലും .മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്നു.മൂന്നു വര്‍ഷത്തോളമായി ഒടിയന്റെ വിശേഷങ്ങള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നു.ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്നു.യുവാവായ മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ ശ്രമങ്ങള്‍ ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.ഇതോടൊപ്പം പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ സീനുകളും ഗ്രാഫിക്‌സ് വിസ്മയങ്ങളും ജിജ്ഞാസ വര്‍ദ്ധിപ്പിച്ചു.ഒടിയന്‍ തിയേറ്ററിലെത്തിക്കഴിഞ്ഞാല്‍ എന്താകും സംഭവിക്കുക.വാനോളമുള്ള പ്രതീക്ഷകള്‍ പേറി സിനിമ കാണാനെത്തുന്ന ആരാധകരുടെ മനം നിറയ്ക്കുമോ? പ്രതീക്ഷിച്ചതിലും ഇരട്ടി അവര്‍ക്കു ഒടിയന്‍ നല്‍കുമോ? അതോ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി വിടുമോ ? കാത്തിരുന്ന് കാണാം. ഏതായാലും ഒടിയന്‍ മലയാള സിനിമയുടെ ഒരു നാഴികക്കല്ലാണ്.ഏതു ദിശയിലേക്ക് മലയാള ചലച്ചിത്ര ലോകം സഞ്ചരിക്കണമെന്നതിന്റെ ദിശാസൂചകം കൂടിയാകുമത്.മുമ്പൊക്കെ ചെറിയ മാര്‍ക്കറ്റിംഗ് വൃത്തമായിരുന്നു മലയാളത്തിന്റേത്.എന്നാല്‍ കുറച്ചു കാലമായി അതിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.ഹിന്ദി,തമിഴ്,തെലുങ്ക് ചലച്ചിത്ര മേഖല പോലെ പണം വാരിയെറിഞ്ഞുള്ള വമ്പന്‍ കളികളിലേക്കു മലയാള സിനിമയും തയ്യാറായിക്കൊണ്ടിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.ബിഗ്ബജറ്റുകളിലേക്ക് കണ്ണുവെയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഇപ്പോള്‍ ധൈര്യം വന്നു.പീറ്റര്‍ ഹെയ്‌നെ പോലെ വില കൂടിയ സ്റ്റണ്ട് സംവിധായകനേയും ബാഹുബലി, 2.0 തുടങ്ങിയ ബ്രഹാമാണ്ഡ ചിത്രങ്ങള്‍ക്കു സ്‌പെഷ്യല്‍ ഇഫക്ട്‌സും ഗ്രാഫിക്‌സും നല്‍കിയ കമ്പനിയുമെല്ലാം മലയാള സിനിമയിലേക്കും കടന്നു വന്നു.തമിഴ്,തെലുങ്ക്,ഹിന്ദി സിനിമാ ലോകം മലയാളത്തിന്റെ സാങ്കേതിക മേന്മയെ അംഗീകരിച്ചു കഴിഞ്ഞു. മാര്‍ക്കറ്റ് രംഗത്തെ മാറ്റവും ഒടിയനുമായി ചേര്‍ത്തു കാണണം.മലയാള സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ഒടിയന്‍ എത്തുന്നത്. വാരാണസിയിലെ സ്‌നാന പടികളില്‍ ജരാനര ബാധിച്ച ഒടിയന്‍ മാണിക്യം പഴയ യുവത്വത്തിലേക്ക് സഞ്ചരിക്കുകയാണ്.അങ്ങ് വള്ളുവനാടന്‍ ഗ്രാമത്തിലേക്ക്.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത് .തുടര്‍ന്നു അഭ്രപാളികളില്‍ ഒടിയനായി മോഹന്‍ലാല്‍ നിറഞ്ഞാടുമ്പോള്‍ മത്സരിച്ച് അഭിനയിച്ച് പ്രകാശ് രാജും മഞ്ജുവാര്യരും നരേനുമുണ്ട്.പീറ്റര്‍ ഹെയിന്റെ സംഘട്ടന രംഗങ്ങള്‍ 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സിനെ വിഭ്രാത്മകലോകത്തെത്തിക്കുന്നു. വി.എ.ശ്രീകുമാര്‍മേനോന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമയാണ് ഒടിയന്‍.ഓരോ ഫ്രെയിമിലും അതീവ ശ്രദ്ധയാണ് അദ്ദേഹം പുലര്‍ത്തിയത്.കഥ പറയുന്ന രീതിയാണ് ഏതു സിനിമയുടെയും പ്രധാന വിജയഘടകം.ഒടിയന്‍ മാണിക്യന്റെ ജീവിതം ശ്രീകുമാര്‍ മേനോന്‍ എങ്ങിനെ പറയുന്നു? എന്തൊക്കെ പുതുമകളും വിസ്മയങ്ങളുമാണ് തന്റെ ആഖ്യാന രീതിയില്‍ അദ്ദേഹം ഒളിപ്പിച്ചു വച്ചിരിക്കുന്നത്? കേട്ടു പഴകിയ കഥകളുടെ പുറം തോട് പൊട്ടിച്ച് യാഥാര്‍ത്ഥ്യത്തിന്റെ വഴിയിലേക്ക് സംവിധായകന്‍ സഞ്ചരിക്കുമോ? പുരോഗമനാശയങ്ങള്‍ ഒടിയന്‍ വാരിവിതറുമോ? മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഒടിയന്‍ ഒരു നാഴികക്കല്ലാണ്.അത്രയ്ക്കും പരിശ്രമമാണ് മാണിക്യനാകാന്‍ വേണ്ടി താരം നടത്തിയത്.പ്രേക്ഷകരുടെ മനസ്സിലേക്ക് ഒടിയന്‍ ചേക്കേറിയാല്‍ അത് അദ്ദേഹത്തിന്റെ സൂപ്പര്‍ താര പരിവേഷത്തിന്റെയും അഭിനയപാടവത്തിന്റെയും തിളക്കം കൂട്ടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍