ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെയാണ് സഭ പിരിഞ്ഞത്.പ്രതിപക്ഷം ബാനറുകളും പ്ലക് കാര്‍ഡുകളുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തുകയായിരുന്നു. ജനകീയ വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ട വേദിയാണ് സഭയെന്നും പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.എന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ശരിയല്ല, ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം രൂക്ഷമായതോടെ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി സഭ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 21 മിനിറ്റ് മാത്രമാണ് ഇന്ന് ചോദ്യോത്തരവേള നടന്നത്.ഇതിന് പിന്നാലെയാണ് സഭ പിരിഞ്ഞത്. എം.എല്‍.എമാരുടെയും എ.എന്‍ രാധാകൃഷ്ണന്റെയും സമരം അവസാനപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പി.സി ജോര്‍ജ്ജും ഒ.രാജഗോപാലും സഭയില്‍ നിന്നിറങ്ങിപ്പോയി.നിയമസഭ തുടങ്ങുന്നതിന് മുന്‍പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ എം.എല്‍.എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണെന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് പുറത്ത് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടമെന്ന് ചെന്നിത്തല സ്പീക്കറോട് വീണ്ടും ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്നത്. സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സത്യഗ്രഹ സമരം. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയാത്തതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍