കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വികസന മാതൃക: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

മലപ്പുറം: കേരളത്തിനാകെ മാതൃകയാക്കാവുന്ന പൊതുജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ഏറനാട് മണ്ഡലത്തിലെ കുഴിമണ്ണപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദേഹം. കുടുംബാരോഗ്യ കേന്ദ്രം നിലനിര്‍ത്തുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെയും ഗ്രാമപഞ്ചായത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. കുഴിമണ്ണ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങളായ വയോജനങ്ങള്‍ക്കുള്ള കട്ടില്‍, എസ്‌സി എസ്ടി വിദ്യാര്‍ഥികള്‍ക്ക് പഠനമേശ കസേര, എസ്‌സി കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള ടാങ്ക് എന്നിവയുടെ വിതരണോദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. പി.കെ.ബഷീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കുടുംബാരോഗ്യ കേന്ദ്രം ലൈബ്രറിയുടെ ഉദ്ഘാടനം പി.കെ.ബഷീര്‍ എംഎല്‍എ നിര്‍വഹിച്ചു. മുലയൂട്ടല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനയും നിര്‍വഹിച്ചു. പൊതു വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൂസ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ഐഎസ്ഒ അംഗീകാരം മുംബൈ സെനിത്ത് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സിഇഒ ഷീജ മാത്യുവിന്റെ സാന്നിധ്യത്തില്‍ സ്പീക്കര്‍ ഡിഎംഒക്ക് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍