വനിതാസംവരണ ബില്‍:പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ നടപ്പാക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിമാരോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭനിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കുന്നതിനുള്ള പ്രമേയം നിയമസഭകളില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ കത്തയച്ചത്. 193 രാജ്യങ്ങളുടെ പാര്‍ലമെന്റുകളിലെ വനിതാ പ്രാതിനിധ്യമെടുത്താല്‍ ഇന്ത്യയ്ക്ക് 148ാം സ്ഥാനമാണുള്ളത്. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തിയ സ്ത്രീകള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അദ്ധ്യക്ഷനുമായ നവീന്‍ പട്‌നായികിനും രാഹുല്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍