രാജപക്‌സെയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി കോടതി

കൊളംബോ: പ്രസിഡന്റ് സിരിസേന നിയമിച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്കും അദ്ദേഹത്തിന്റെ കാബിറ്റ് മന്ത്രിമാര്‍ക്കും അധികാരം വിനിയോഗിക്കുന്നതിനു കോടതി വിലക്ക്. രണ്ടുതവണ പാര്‍ലമെന്റ് അവിശ്വാസം പാസാക്കിയിട്ടും അധികാരത്തില്‍ തുടരുന്ന രാജപക്‌സെയ്ക്ക് എതിരേ 225 അംഗ പാര്‍ലമെന്റിലെ 122 എംപിമാര്‍ ചേര്‍ന്നു ഫയല്‍ ചെയ്ത കേസിലാണ് കൊളംബോയിലെ കോര്‍ട്ട് ഓഫ് അപ്പീല്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.
കേസ് ഈ മാസം 12നു വീണ്ടും കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്നതില്‍നിന്നു രാജപക്‌സെയെയും മന്ത്രിമാരുടെ ചുമതല നിര്‍വഹിക്കുന്നതില്‍നിന്നു കാബിനറ്റ് അംഗങ്ങളെയും തടഞ്ഞുകൊണ്ടുള്ളതാണ് ഇടക്കാല ഉത്തരവെന്ന് കോടതിയില്‍ ഹാജരായിരുന്ന ഒരു അഭിഭാഷകന്‍ വ്യക്തമാക്കി.
അര്‍ഹതയില്ലാത്തവര്‍ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പദവിയില്‍ ഇരിക്കുന്നത് അപരിഹാര്യമായ നാശമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടെന്നും പ്രസ്തുത അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടിയിലെയും ജനതാവിമുക്തി പെരമുന, തമിഴ് ദേശീയ സഖ്യം എന്നിവയിലെയും 122 എംപിമാരാണ് രാജപക്‌സെയുടെ അധികാരത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
കോടതിയുടെ ഇടക്കാല ഉത്തരവ് പ്രസിഡന്റ് സിരിസേനയ്ക്കു വന്‍ തിരിച്ചടിയാണ്. ഒക്‌ടോബര്‍ 26ന് വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയായി നിയമിക്കുകയും തുടര്‍ന്നു രാജപക്‌സെയ്ക്ക് ഭൂരിപക്ഷം ഒപ്പിക്കാനായി പാര്‍ലമെന്റ് മരവിപ്പിക്കുകയും ചെയ്ത സിരിസേനയുടെ നടപടിയാണ് ലങ്കന്‍ രാഷ്ട്രീയത്തെ പ്രതിസന്ധിയിലാഴ്ത്തിയത്.
കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാന്‍ സാധ്യമല്ലെന്നു വ്യക്തമായതോടെ സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഉത്തരവിട്ടെങ്കിലും സുപ്രീംകോടതി പ്രസ്തുത നടപടി റദ്ദാക്കി.
പുനഃസ്ഥാപിക്കപ്പെട്ട പാര്‍ലമെന്റ് രണ്ടു തവണ രാജപക്‌സെ സര്‍ക്കാരിനെതിരേ അവിശ്വാസം പാസാക്കിയെങ്കിലും സിരിസേന അംഗീകരിച്ചില്ല. സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ച വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തുടരുകയും രാജപക്‌സെ ഭരണം നടത്തുകയുമായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍