അനാവശ്യ ഹര്‍ത്താലുകളും സമരങ്ങളും തിരിച്ചറിയണം: കാനം രാജേന്ദ്രന്‍

 ആലപ്പാട്: അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഹര്‍ത്താലുകളും സമരങ്ങളും തിരിച്ചറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പാട് എസ്എന്‍ബി ഹാളില്‍ സിപിഐ ചാഴൂര്‍ ലോക്കല്‍ കമ്മിറ്റി കുടുംബ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .അതേ സമയം ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന സമരം ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണെന്നു കാനം ന്യായീകരിച്ചു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. വനിതാമതിലിനു വേണ്ടി സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവഴിക്കുന്നില്ല. മറിച്ചുള്ള പ്രചാരണം ജനങ്ങളെ പിന്തരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്. ശബരിമല പ്രശ്‌നം മാത്രമല്ല മാറ്റമുണ്ടാകുമ്പോള്‍ മാറ്റത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ എല്ലാക്കാലത്തുമുണ്ടാകാറുണ്ട്. മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പാലാഭിഷേകം നടത്താമെന്ന ഹൈക്കോടതി വിധി ബിജെപി ശിവസേന സര്‍ക്കാര്‍ അപ്പീല്‍ പോകാതെ നടപ്പാക്കിയെന്നും കാനം പറഞ്ഞു. കെ.പി. അവറുസുകുട്ടി അധ്യക്ഷനായിരുന്നു. ചേര്‍പ്പ് ഗവ. ഐടിഐ ചെയര്‍മാന്‍ അരുണിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു. ഇ.സി. പവിത്രന്‍ കവിത ചൊല്ലി. ഗീത ഗോപി എംഎല്‍എ, സംസ്ഥാന കൗണ്‍സില്‍ അംഗം ഷീല വിജയകുമാര്‍, കെ.എം. ജയദേവന്‍, കെ.കെ. രാജേന്ദ്രബാബു, കെ.കെ. സുബ്ര മണ്യന്‍, കെ.കെ. ജോബി, പി.ബി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍. കൃഷ്ണകുമാര്‍ സ്വാഗതവും കെ.എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍