പ്രതിയെ സിനിമ കാണിക്കണം; വിചിത്ര ശിക്ഷാ വിധിയുമായി കോടതി

മിസൗറി: നൂറിലേറെ മാനുകളെ കൊന്ന വേട്ടക്കാരന് വിചിത്രമായ ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ മിസൗറിയില്‍ നിന്നാണ് ഡേവിഡ് ബെറി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പുറമെ മാസത്തിലൊരിക്കല്‍ വാള്‍ട്ട് ഡിസ്‌നി നിര്‍മ്മിച്ച 'ബാംബി' എന്ന കാര്‍ട്ടൂണ്‍ സിനിമ കാണുകയും വേണമെന്നായിരുന്നു വിധി.
മാനുകളെ വേട്ടയാടി കൊന്ന ശേഷം അവയുടെ തല മാത്രം എടുക്കുകയാണ് ഡേവിഡിന്റെ പതിവ്. നൂറിലേറെ മാനുകളെയാണ് ഇയാള്‍ വേട്ടയാടിയിട്ടുള്ളതെന്ന് കുറ്റസമ്മതത്തില്‍ പറഞ്ഞു. മിസൗറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം മാനുകളെ വേട്ടയാടിയതിന് ഒരാളെ പിടികൂടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ആഗസ്റ്റിലായിരുന്നു ഡേവിഡിനെ പിടികൂടിയത്. എന്നാല്‍ ഇയാള്‍ വേട്ടയാടിയ മാനുകളുടെ എണ്ണം ഇനിയും വ്യക്തമല്ല.
1942ല്‍ വാള്‍ട്ട് ഡിസ്‌നി നിര്‍മ്മിച്ച ബാംബി, വേട്ടക്കാരനാല്‍ അമ്മ നഷ്ട്ടപ്പെട്ട മാന്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ്. ശിക്ഷ തീരുന്നത് വരെ മാസത്തിലൊരിക്കല്‍ ഈ ചിത്രം കാണാനാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് പുറമെ അനധികൃതമായി ആയുധം കൈവശം വച്ചതിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍