ജസ്റ്റീസ്‌കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ബാഹ്യസമ്മര്‍ദങ്ങള്‍
ക്കു വഴങ്ങിയാണു പ്രവര്‍ത്തിച്ചിരുന്നതെന്ന ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തലിനെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ ശശാങ്ക് ദേവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ദീപക് മിശ്ര ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണു പ്രവര്‍ത്തിച്ചിരുന്നതെന്നും കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലും ഈ സമ്മര്‍ദം ഉണ്ടായിരുന്നെന്നുമായിരുന്നു ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ ആരോപണം. സുപ്രീം കോടതിയില്‍നിന്നു വിരമിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ചീഫ് ജസ്റ്റീസ് എന്ന നിലയില്‍ ജസ്റ്റീസ് ദീപക് മിശ്ര എടുത്ത തീരുമാനങ്ങള്‍ അദ്ദേഹം സ്വയമേ എടുത്തതായിരുന്നില്ല. ബാഹ്യമായ സമ്മര്‍ദം അദ്ദേഹത്തിനുണ്ടായിരുന്നതായി തങ്ങള്‍ക്കു മനസിലാക്കാനായിട്ടുണ്ട്. ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രമല്ല, മിക്ക തീരുമാനങ്ങളിലും ഇതു പ്രകടമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരേ വിയോജിപ്പ് വ്യക്തമാക്കി ജസ്റ്റീസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ ജനുവരി 12നു പത്രസമ്മേളനം നടത്തിയതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ് ഈ വിശദീകരണം നല്‍കിയത്. കൊളീജിയത്തിലെ അംഗങ്ങള്‍ കൂടിയായ തങ്ങള്‍ ഇക്കാര്യങ്ങള്‍ ജസ്റ്റീസ് ദീപക് മിശ്രയുമായി സംസാരിച്ചിരുന്നു. നടപടികള്‍ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിനോടും അനുകൂലമായ നടപടിയല്ല അദ്ദേഹം സ്വീകരിച്ചത്. അതേത്തുടര്‍ന്നാണ് പത്രസമ്മേളനം വിളിച്ചതെന്നും ജസ്റ്റീസ് കുര്യന്‍ ജോസഫ് വിശദമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍