പ്രളയാനന്തര കേരളം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി. പ്രളയാനന്തര കേരളം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും വി.ഡി.സതീശനാണ് അനുമതി തേടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത്. നേരത്തെ നിപ്പ വിഷയത്തിലും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ഉച്ചക്ക് ശേഷമായിരിക്കും അടിയന്തര പ്രമേയത്തിന് മേലുള്ള ചര്‍ച്ച. അതേസമയം, ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്. ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ തന്നെ അതിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി. എന്തായാലും തങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും നടപടികളുമായി സഹകരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍