സംസ്ഥാനതല ഹോക്കി ചാമ്പ്യന്‍ഷിപ്പ് എട്ടിന് ആരംഭിക്കും

കൂത്തുപറമ്പ്: പിണറായി ജനമൈത്രി പോലീസ്, പാതിരിയാട് ഹോക്കി അക്കാദമി എന്നിവയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഹോക്കി ചാമ്പ്യന്‍ഷിപ്പ് എട്ട്, ഒന്‍പത് തീയതികളിലായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂള്‍ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ദേശീയ താരങ്ങള്‍ ഉള്‍പ്പെടുന്ന 32 ടീമുകള്‍ മാറ്റുരയ്ക്കും. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌ക്കൂള്‍ സ്റ്റേഡിയം ആദ്യമായാണ് സംസ്ഥാന തല 5 അസൈഡ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് വൈകുന്നേരം ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. തലശേരി എഎസ്പി ചൈത്രാ തേരസാ ജോണ്‍ മുഖ്യാതിഥിയായിരിക്കും. ഒന്‍പതിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം ട്രോഫികള്‍ വിതരണം ചെയ്യും. ഞായറാഴ്ച രാവിലെ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പും നടക്കും. വിജയികള്‍ക്ക് എന്‍.ഗംഗാധരന്‍ സ്മാരക ട്രോഫിയും ഇരുപതിനായിരം രൂപയും റണ്ണറപ്പിന് കെ.ബാലന്‍ നമ്പ്യാര്‍ സ്മാരക ട്രോഫിയും പതിനായിരം രൂപയും സമ്മാനം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍