ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: കുട്ടികളെ വലയിലാക്കുന്നത് തടയാന്‍ പ്രത്യേക പോലീസ്

കോഴിക്കോട്: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നല്‍കി. തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് ഏബ്രഹാമിനാണ് 'കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍' എന്ന സ്‌പെഷല്‍ ടീമിന്റെ പൂര്‍ണ ചുമതല. കേരള പോലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫീസറായ ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും ഈ സംഘത്തിന്റെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍വഴി കുട്ടികള്‍ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബര്‍ പട്രോളിംഗ് നടത്തുക, അത്തരത്തിലുള്ള ചൂഷണം തടയുക, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളുക, കുട്ടികള്‍ക്കെതിരേയുള്ള ചൂഷണങ്ങളെപ്പറ്റി മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുക എന്നിവയാണ് പ്രത്യേക പോലീസ് സേനയുടെ പ്രധാന ഉത്തരവാദിത്വങ്ങള്‍.
മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍, റെയില്‍വേ പോലീസ് സൂപ്രണ്ട് മെറിന്‍ ജോസഫ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഷാഫി, പോലീസ് ട്രെയിനിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എ.വി. സുനില്‍ കുമാര്‍ എന്നിവരുള്‍പ്പെടെ 13 ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരിക്കും. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുമായെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായത്തോടെ ശേഖരിക്കും. അശ്ലീല സൈറ്റുകള്‍ കാണുകയും അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും മറ്റുസമൂഹ മാധ്യമങ്ങളിലൂടെയും കൈമാറുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഇവ നല്‍കുന്നവരെ പിടികൂടും. എല്ലാ ജില്ലകളിലും പ്രത്യേക സംഘത്തിന് അന്വേഷണ സംവിധാനമുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍