താലിബാന്‍ ഭീഷണി; അഫ്ഗാനിലെ കുഞ്ഞു മെസിയും കുടുംബവും വീണ്ടും നാടുവിട്ടു

കാബൂള്‍: മെസിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന അഫ്ഗാന്‍ ബാലന്‍ മുര്‍താസാ അഹ്മാദിയെ ഓര്‍മയില്ലേ. രണ്ടുവര്‍ഷം മുമ്പ് മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഷര്‍ട്ടുമണിഞ്ഞ് ഫൂട്‌ബോള്‍ കളിക്കുന്ന മുര്‍താസയുടെ ചിത്രം വൈറലായിരുന്നു. അതുകണ്ട് മുര്‍ത്താസയെ സാക്ഷാല്‍ ലയണല്‍ മെസി തേടിയെത്തിയിരുന്നു. ഇപ്പോള്‍ താലിബാന്റെ ഭീഷണിയെത്തുടര്‍ന്നു ഗാസ്‌നി പ്രവിശ്യയിലെ വീട് ഉപേക്ഷിച്ച് മുര്‍താസായും കുടുംബവും കാബൂളിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയിരിക്കുകയാണ്. മെസിയെ ആരാധിച്ചെന്ന കുറ്റത്തിന് ഇതു രണ്ടാം തവണയാണ് ഏഴു വയസുകാരന്‍ മുര്‍താസയും കുടുംബവും പ്രാണരക്ഷാര്‍ത്ഥം നാടുവിടുന്നത്. നേരത്തെ, കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് മുര്‍താസയുടെ കുടുംബം നാടും വീടും ഉപേക്ഷിച്ച് ക്വെറ്റയിലേക്ക് താമസം മാറ്റിയിരുന്നു. അല്‍പനാളുകള്‍ക്ക് ശേഷം ഇവര്‍ തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോഴാണ് വീണ്ടും താലിബാന്‍ ഭീഷണി മുഴക്കിയത്. 2016 ജനുവരിയില്‍ മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഷര്‍ട്ടുമണിഞ്ഞ് ഫൂട്‌ബോള്‍ കളിക്കുന്ന ആ കൊച്ചുപയ്യന്റെ ചിത്രം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. തുടര്‍ന്ന് സാക്ഷാല്‍ മെസി തന്നെ കുഞ്ഞന്‍ ആരാധകനു വേണ്ടി തന്റെ പേരെഴുതിയ രണ്ടു ജഴ്‌സി സമ്മാനിച്ചിരുന്നു. പിന്നീട് മുര്‍താസയെ ലയണല്‍ മെസി തന്നെ അന്വേഷിച്ചെത്തുകയുണ്ടായി. ഖത്തറില്‍ സൗഹൃദമത്സരത്തിന് എത്തിയപ്പോഴും മുര്‍താസ മെസിയെ നേരിട്ടു കണ്ടു. അര്‍ജന്റീനയുടെ ജഴ്‌സിക്കു സമാനമായ നിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പായത്തില്‍ മെസിയുടെ പേരെഴുതിയിട്ട് മൂത്ത സഹോദരന്‍ 15 വയസുള്ള ഹോമയുണാണ് അനുജന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ചിത്രം തരംഗമായതോടെ 'കുഞ്ഞുമെസി' എന്ന പേരില്‍ മുര്‍താസ അഹ്മാദി അറിയപ്പെടാന്‍ തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍