കേരളം ഹര്‍ത്താല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന്

കോഴിക്കോട് : അടുത്ത വര്‍ഷം കേരളം ഹര്‍ത്താല്‍ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് വിവിധ വ്യാപാര സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ-സാമുദായിക-വ്യാപാര -വ്യവസായ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനം കൈകൊള്ളണം അല്ലാത്ത പക്ഷം കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതിയുടെ ബന്ദ് നിരോധന ഉത്തരവ് നടപ്പാക്കണം. 2018ല്‍ 97 ഹര്‍ത്താലുകള്‍ നടത്തിയിട്ടും ഹര്‍ത്താലില്‍ ഉന്നയിച്ച ഒരു കാര്യത്തിലും അനുകൂല നടപടിയുണ്ടായിട്ടില്ല.ഇന്ധനവില വര്‍ധനയ്‌ക്കെതിരെ നടത്തിയ ഹര്‍ത്താലുകള്‍ നിരവധിയാണ്.അതിന്റെ പേരില്‍ ഇന്ധനവില കുറച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.നോട്ട് നിരോധനം,ജി.എസ്.ടി,നിപ്പ,പ്രളയം മൂലം ജീവിതം ദുരിതത്തിലും വ്യാപാര-വ്യവസായ സമൂഹം പ്രതിസന്ധിയിലുമാണ്.നവകേരള പ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ട ഈ വേളയിലെ അടിക്കടിയുള്ള ഹര്‍ത്താലുകള്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും.യോഗത്തില്‍ ആള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.സിറ്റി മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഇ അഷ്‌റഫ്,ഡിസ്ട്രിക്ട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കുന്നോത്ത് അബൂബക്കര്‍,മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എം.കെ അയ്യപ്പന്‍,കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സണ്‍ഷൈന്‍ ഷൊര്‍ണ്ണൂര്‍,അഖിലേന്ത്യാ ആയൂര്‍വേദിക് സോപ്പ് നിര്‍മ്മാണ -വിതരണ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീകല മോഹന്‍,സ്‌മോള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് ആന്റ് ടെനന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹാഷിം,ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ അജയന്‍ എന്നിവര്‍ സംസാരിച്ചു.സി.വി.ജോസി സ്വാഗതവും,സി.സി മനോജ് നന്ദിയും പറഞ്ഞു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍