ചേന്നമംഗല്ലൂരില്‍ ഗവ.പോളിടെക്‌നിക് കോളജ് യാഥാര്‍ഥ്യത്തിലേക്ക്

മുക്കം: തടസങ്ങള്‍ നീങ്ങിയതോടെ മുക്കം നഗരസഭയില്‍ സര്‍ക്കാര്‍ അനുവദിച്ച ഗവ. പോളിടെക്‌നിക് കോളജ് യാഥാര്‍ഥ്യമാകുന്നു. 60 കോടിയാണ് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്. എഐസിടിഇയുടെ ഗ്രാന്റ് കൂടി പ്രയോജനപ്പെടുത്തിയാകും ജില്ലയിലെ മൂന്നാമത്തെ ഗവ. പോളിടെക്‌നിക് കോളജ് നിര്‍മിക്കുക. നഗരസഭയിലെ മിനി പഞ്ചാബ് മുത്താപ്പ് കുന്നിലാണ് പോളിടെക്‌നിക്ക് നിര്‍മിക്കുക. ഇതിനായി അഞ്ച് ഏക്കര്‍ സ്ഥലം വിട്ടു നല്‍കാന്‍ ചേന്നമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചു. നേരത്തെ ചേന്നമംഗല്ലൂര്‍ മംഗലശേരി തോട്ടത്തിലേക്ക് പോളിടെക്‌നിക് അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയം മൂലം മുടങ്ങുകയായിരുന്നു. മംഗലശേരി തോട്ടംഭൂമി വനംവകുപ്പിന്റെ കൈവശമായതിനാല്‍ റവന്യു വകുപ്പിനു കൈമാറുന്നതിലുള്ള സാങ്കേതിക പ്രശ്‌നമാണ് വിനയായത്. ഇതോടെ പോളിടെക്‌നിക് ചേന്നമംഗല്ലൂരിന് നഷ്ടമാവുമെന്ന അവസ്ഥ വന്നതോടെയാണ് ഇസ്ലാഹിയ അസോസിയേഷന്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ തയാറായത്. എന്നാല്‍ ഇത് വഖഫ് ഭൂമിയായതിനാല്‍ സര്‍ക്കാര്‍ വില നിശ്ചയിച്ച് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍