ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയര്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. നിലവിലെ സങ്കേതം സോഫ്ട് വെയര്‍ ഉപയോഗിച്ച് പെര്‍മിറ്റ് കിട്ടാന്‍ ഏറെ കാലതാമസമുണ്ടാക്കുന്നത് കണക്കിലെടുത്താണ് പുതിയ സോഫ്ട് വെയര്‍ കൊണ്ടുവരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി ടെന്‍ഡറിലൂടെ കണ്ടെത്തിയ ഏജന്‍സി മുഖേനെ വികസിപ്പിച്ച ഐ.ബി.പി.എം സോഫ്ട് വെയര്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട് ഒഴികെയുള്ള കോര്‍പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കും. പിന്നീട് തദ്ദേശസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും.മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സിന്റെ സാമ്പത്തിക സഹായത്തോടെ തയ്യാറാക്കിയ സവേഗ സോഫ്ട് വെയര്‍ ഉപയോഗിക്കുന്നതിനാലാണ് കോഴിക്കോട് പുതിയ സോഫ്ട് വെയര്‍ നടപ്പാക്കാത്തത്. പ്ലാന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും നഗരാസൂത്രണകാര്യാലയത്തിലേക്ക് ഓണ്‍ലൈന്‍ ആയി കൈമാറാനും പഴയ സംവിധാനത്തില്‍ സാധ്യമായിരുന്നില്ല. ഇത് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിവരുന്നതിനാല്‍ കാലതാമസം വന്നിരുന്നു.പുതിയ സോഫ്ട് വെയറില്‍ ഈ പരാതികള്‍ പരിഹരിച്ചിട്ടുണ്ട്. നഗരാസൂത്രണ വകുപ്പിന്റെ അനുമതി ആവശ്യമായ പ്ലാനുകള്‍ കൈമാറുന്നതിനും സജ്ജീകരണമുണ്ട്. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പോരായ്മകളുള്ള പ്ലാനുകള്‍ സമര്‍പ്പിച്ചവര്‍ക്ക് വിവരം അറിയാനും, ആവശ്യമായ തിരുത്തലുകല്‍ വരുത്താനും ഇതിലൂടെ കഴിയും. മാനുഷിക ഇടപെടലുകള്‍ പരമാവധി കുറക്കുന്നു എന്നതാണ് മറ്റൊരു മേന്മ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍