സ്വകാര്യ ബസ്സുകളുടെ ഏകീകൃത നിറംമാറ്റം പൂര്‍ണ്ണതയിലേക്ക് അടുക്കുന്നു

ഭൂരിപക്ഷം ബസ്സുകളും നിറംമാറ്റം നടപ്പാക്കി പാളയം ബസ് സ്റ്റാന്റ് ഇളം നീലമയം
മൊഫ്യൂസില്‍ സ്റ്റാന്റ് ഇളം നീലയും മറൂണും കലര്‍ന്ന കാഴ്ച
കോഴിക്കോട്: സ്വകാര്യ ബസ്സുകളുടെ ഏകീകൃത നിറംമാറ്റം പൂര്‍ത്തിയായി വരുന്നു.സംസ്ഥാനത്ത് ബസ്സുകള്‍ക്ക് ഒരേ നിറം എന്ന പ്രക്രിയ പൂര്‍ണ്ണതയോടടുക്കുകയാണ്.ഏതാണ്ട് ഭൂരിപക്ഷം ബസ്സുകളും ഏകീകൃത നിറംമാറ്റം നടപ്പാക്കികഴിഞ്ഞു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് സംസ്ഥാനത്തെ സ്വകാര്യബസ്സുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സിറ്റി ബസ്സുകള്‍ക്ക് ഇളം പച്ച നിറവും ഓര്‍ഡിനറി ബസ്സുകള്‍ക്കു ഇളം നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്ക് ഇളം മറൂണുമാണ് നിശ്ചയിച്ചത്.എല്ലാ ബസ്സുകള്‍ക്കും അടി വശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്നുവരകളുണ്ട്.
സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ്സുകള്‍ക്ക് ഫിറ്റ്‌നസിന് ഹാജരാക്കുമ്പോള്‍ നിറംമാറ്റം നിര്‍ബന്ധമാക്കുകയാണ്.സ്വകാര്യബസ്സുടമകളുടെയും കൂടി ആവശ്യം പരിഗണിച്ചാണ് ഏകീകൃത നിറം മാറ്റം കൊണ്ടുവന്നത്.വ്യവസ്ഥ പാലിച്ചിട്ടില്ലെങ്കില്‍ ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന ബസ്സുകള്‍ക്കു അനുമതി നല്‍കേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.2019 ഫെബ്രുവരിയോടെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളെല്ലാം ഇളം പച്ച,ഇളം നീല,ഇളം മറൂണ്‍ നിറത്തില്‍ മാത്രമായിരിക്കും.കോഴിക്കോട് ജില്ലയില്‍ ഏകീകൃത നിറം മാറ്റം ലക്ഷ്യത്തോടടുക്കുകയാണ്.സിറ്റി ബസ്സുകള്‍ക്കു ആദ്യമേ തന്നെ പച്ചനിറം തന്നെയാണ്.എന്നാല്‍ പലതരത്തിലുള്ള പച്ചയാണ് അതെന്നു മാത്രം.ഇളം പച്ചനിറത്തിലേക്ക് എല്ലാ ബസ്സുകളും മാറിക്കൊണ്ടിരിക്കുന്നു.ഓര്‍ഡിനറി ബസ്സുകളും ലിമിറ്റഡ് ബസ്സുകളും പല വിധ വര്‍ണ്ണങ്ങളിലും ഡിസൈനുകളിലും ചിത്രങ്ങളിലുമെല്ലാം ആറാടി സഞ്ചരിക്കുകായിരുന്നു.ഇപ്പോള്‍ എഴുപതു ശതമാനത്തോളം നിറം മാറ്റം യാഥാര്‍ത്ഥ്യമായി.പാളയം ബസ് സ്റ്റാന്റ് ഇപ്പോള്‍ ഇളം നീലമയമാണ്.മെഫ്യൂസില്‍ ബസ് സ്റ്റാന്റിലാകട്ടെ ഇളം നീലയും മറൂണും ചേര്‍ന്ന കാഴ്ച.ബസ്സുകള്‍ മുഴുവന്‍ നിറം മാറ്റിയാല്‍ ഇളം നീലയും മറൂണും ഇളം പച്ചയും മാത്രമാകും ബസ് കാഴ്ചകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍