ചോക്‌സി കുടുങ്ങും; ഇന്ത്യ വിട്ട വ്യവസായിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യവിട്ട വ്യവസായി മെഹുല്‍ ചോക്‌സിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയുടെ അഭ്യര്‍ഥനപ്രകാരമാണ് നടപടി. 
ഇപ്പോള്‍ ആന്റിഗ്വയിലുള്ള മെഹുല്‍ ചോക്‌സിയെ വിട്ടുതരണമെന്ന് ഇന്ത്യ ആന്റിഗ്വയോട് ഔദ്യോഗികമായി ആഭ്യര്‍ഥിച്ചിരുന്നു. ചോക്‌സിയെ അറസ്റ്റ് ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഔദ്യോഗികമായി വിട്ടുകിട്ടല്‍ അപേക്ഷ കൈമാറിയത്. ചോക്‌സിയുടെ പൗരത്വം റദ്ദു ചെയ്യില്ലെന്ന് ആന്റിഗ്വ ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ ക്ലിയറന്‍സ് നല്‍കിയതിനുശേഷമാണ് തങ്ങള്‍ ചോക്‌സിക്കു പൗരത്വം അനുവദിച്ചതെന്നും ഇത് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആന്റിഗ്വ വ്യക്തമാക്കി. 13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്‌സിയും നീരവ് മോദിയും കുടുംബസമേതം ജനുവരിയിലാണു രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്.അന്നുമുതല്‍ ഇരുവരും എവിടെയെന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്കു വ്യക്തതയില്ലായിരുന്നു. നീരവ് മോദി ഇപ്പോള്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലുണ്ടെന്നാണു വിവരം. ചോക്‌സിയാകട്ടെ ആന്റിഗ്വന്‍ പൗരത്വം നേടിക്കഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍