കേന്ദ്രത്തിന് ചീഫ്‌സെക്രട്ടറിയുടെ കത്ത് : തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാര്‍ വാങ്ങാം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാതെ, സംസ്ഥാനത്തിന് വില്‍ക്കണമെന്ന് കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിമാനത്താവളം വിലയ്ക്കു വാങ്ങാനും നടത്തിപ്പിനായി പ്രത്യേക കമ്പനി (എസ്.പി.വി ) രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കമ്പനിയുടെ ബൈലോയും ചട്ടവും രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ (സിയാല്‍) മാതൃകയില്‍ സര്‍ക്കാരിന്റെ മുന്‍കൈയിലാവും കമ്പനി രൂപീകരിക്കുക. സ്വകാര്യപങ്കാളിത്തം ഉണ്ടാകുമെങ്കിലും പൊതുമേഖലയ്ക്കാണ് ഊന്നല്‍ നല്‍കുക.ഇതുസംബന്ധിച്ച് ചീഫ്‌സെക്രട്ടറി ടോംജോസ് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കി. വിമാനത്താവളം വിലയ്ക്കുവാങ്ങാന്‍ 2000 കോടി രൂപയില്‍ താഴെ മതിയാകുമെന്നാണ് കണക്കാക്കുന്നത്. 2350കോടിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിലവ്. തിരുവനന്തപുരം വിമാനത്താവളം 628.70 ഏക്കറിലാണ്. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയതാണ് വിമാനത്താവളം. അതിനാല്‍ ഭൂമി സര്‍ക്കാരിന്റേതാണ്.ടെര്‍മിനല്‍ കെട്ടിടങ്ങള്‍ക്കും റണ്‍വേ അടക്കമുള്ള സൗകര്യങ്ങള്‍ക്കും കൂടിയാണ് 2000കോടി കണക്കാക്കിയത്. ന്യൂഡല്‍ഹിയും മുംബൈയും സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ നിശ്ചിത ശതമാനം ഓഹരി വിമാനത്താവള അതോറിട്ടിയുടെ പക്കലാന്നെങ്കില്‍ തിരുവനന്തപുരത്ത് ഓപ്പറേഷന്‍, വികസനം, നടത്തിപ്പ് എന്നിവയില്‍ 100ശതമാനം സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ് നീക്കം. ലേലത്തില്‍ കൊച്ചി വിമാനത്താവളകമ്പനി (സിയാല്‍) പങ്കെടുക്കും. സിയാലില്‍ സംസ്ഥാനത്തിന് 32ശതമാനം ഓഹരിയും 100കോടി നിക്ഷേപവുമുണ്ട്. ഹഡ്‌കോ, ബി.പി.സി.എല്‍ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 46ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരി 19000സ്വകാര്യനിക്ഷേപകരുടേതാണ്. 760കോടിയാണ് വാര്‍ഷികവരുമാനം. 185കോടി ലാഭമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍