കുരുക്ക് മുറുകി, പണം മുഴുവന്‍ തിരികെ അടയ്ക്കാമെന്ന് മല്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വിവാദ മദ്യരാജാവ് വിജയ് മല്യ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ കെണിയില്‍ കുരുങ്ങുന്നു. താന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും തിരികെ അടയ്ക്കാമെന്നും ബാങ്കുകള്‍ ഇത് സ്വീകരിക്കണമെന്നുമാണ് മല്യയുടെ ഏറ്റവും പുതിയ ആവശ്യം. ഇപ്പോള്‍ ലണ്ടനിലുള്ള മല്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ വിധി വരാന്‍ അഞ്ച് ദിവസങ്ങള്‍ ശേഷിക്കെയാണ് മല്യ തന്റെ പുതിയ ഓഫര്‍ മുന്നോട്ട് വച്ചത്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും തന്നെ വായ്പാ തട്ടിപ്പുകാരനായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ പണം തിരിച്ച് അടക്കാനുള്ള ഒരു അവസരം പോലും തനിക്ക് ഇതുവരെ തന്നിട്ടില്ല. എണ്ണവില കൂടിയതോടെയാണ് തന്റെ കമ്പനി നഷ്ടത്തിലായത്. ബാങ്കില്‍ നിന്നെടുത്ത പണം മുഴുവന്‍ അങ്ങനെ നഷ്ടമായി. എല്ലാം തിരിച്ച് അടക്കാമെന്ന് വാഗ്ദ്ധാനം ചെയ്തതാണ്. ഇത് ബാങ്കുകള്‍ സ്വീകരിക്കണമെന്നും മല്യ ട്വീറ്റ് ചെയ്തു.അതേസമയം, പണം തിരിച്ചടയ്ക്കാന്‍ താന്‍ സമ്മതിച്ചതായുള്ള വാര്‍ത്തകളെയും അദ്ദേഹം വിമര്‍ശിക്കുന്നു. പണം തിരിച്ചടയ്ക്കാമെന്ന് താന്‍ 2016ല്‍ തന്നെ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ആരും കേട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കോടികള്‍ സംഭാവന ചെയ്തിട്ടുള്ള കമ്പനിയുടെ ഉടമയായിരുന്നു താന്‍.ഒരു നഷ്ടം വന്നപ്പോള്‍ ആരും തന്നെ തിരിഞ്ഞ് നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍