വ്യവസായവളര്‍ച്ച കൂടി, വിലക്കയറ്റം ചുരുങ്ങി

ന്യൂഡല്‍ഹി: ഒക്‌ടോബറിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി)യുടെ വളര്‍ച്ചയില്‍ കുതിപ്പ്. നവംബറില്‍ ചില്ലറ വിലക്കയറ്റത്തില്‍ വലിയ കുറവ്. വ്യവസായവളര്‍ച്ച 8.1 ശതമാനമാണ്. സെപ്റ്റംബറില്‍ 4.5 ശതമാനം മാത്രമായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. പ്രതീക്ഷയിലും കൂടുതലുമാണ്. ഫാക്ടറി ഉത്പാദനം 7.9 ശതമാനം വളര്‍ന്നു. തലേ മാസം 4.6 ശതമാനമായിരുന്നു. യന്ത്രനിര്‍മാണത്തിലെ വളര്‍ച്ച 16.8 ശതമാനമായി. തലേ മാസം 5.8 ശതമാനം മാത്രം. അടിസ്ഥാനസൗകര്യ നിര്‍മാണമേഖലയില്‍ 8.7 ശതമാനമുണ്ട് വളര്‍ച്ച. വൈദ്യുതോത്പാദനം 10.8 ശതമാനം കൂടി. ഖനന വളര്‍ച്ച ഏഴു ശതമാനമുണ്ട്. ഒക്‌ടോബറിലെ കണക്ക് വളരെ മെച്ചമാണെങ്കിലും നവംബറില്‍ സ്ഥിതി മോശമാകാനിടയുണ്ട്. നവംബറില്‍ വിമാന നിര്‍മാതാക്കള്‍ ഉത്പാദനം 20 ശതമാനം കുറച്ചതാണ് കാരണം.ചില്ലറവില ആധാരമാക്കിയുള്ള നവംബറിലെ വിലക്കയറ്റം 2.33 ശതമാനമായി കുറഞ്ഞു. തലേ മാസം 3.38ഉം തലേവര്‍ഷം നവംബറില്‍ 4.38ഉം ശതമാനമായിരുന്നു. തലേ വര്‍ഷം ഉയര്‍ന്നുനിന്നിരുന്ന ഭക്ഷ്യവിലക്കയറ്റം മാറിയതാണ് പ്രധാന കാരണം. തലേ നവംബറില്‍ ഭക്ഷ്യവിലകള്‍ 4.35 ശതമാനം കൂടിയിരുന്നു. ഇത്തവണ ഭക്ഷ്യവില 2.61 ശതമാനം കുറയുകയാണു ചെയ്തത്.
പച്ചക്കറികള്‍ക്ക് 15.59 ശതമാനവും പയര്‍വര്‍ഗങ്ങള്‍ക്കും പഞ്ചസാരയ്ക്കും 9.2 ശതമാനം വീതവും വിലയിടിഞ്ഞു. ഇന്ധനം, വൈദ്യുതി, ഹൗസിംഗ്, ആരോഗ്യസേവനം തുടങ്ങിയവയുടെ വിലക്കയറ്റം അഞ്ചുശതമാനത്തിനു മുകളിലാണ്. ഭക്ഷ്യഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 5.8 ശതമാനമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍