കൂത്തുപറമ്പില്‍ സബ്ജയില്‍; സാങ്കേതിക അനുമതിക്കായി പരിശോധന നടത്തി

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ സബ്ജയില്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനായി പിഡബ്ല്യുഡി, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിനു സമീപം ഉള്ള പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ സബ് ജയില്‍ സ്ഥാപിക്കാന്‍ മൂന്ന് കോടിയിലേറെ രൂപ അനുവദിക്കുകയും ഈയിടെ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. അടുത്തഘട്ടമെന്ന നിലയില്‍ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. നിലവിലുള്ള പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം അതേപടി നിലനിര്‍ത്തിയാവും ഇത് സബ് ജയില്‍ കെട്ടിടമാക്കി മാറ്റുക. കെട്ടിടത്തില്‍ അറ്റകുറ്റ പ്രവൃത്തി നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തും. അടുക്കള, സ്റ്റോര്‍,ബാത്ത് റൂം, ചുറ്റുമതില്‍, കിണര്‍ എന്നിവ പുതുതായി നിര്‍മിക്കുകയും ചെയ്യും. അമ്പതോളം തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുകയെന്നും 2020 ഓടെ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ടി. ബാബുരാജ് പറഞ്ഞു. സ്‌പെഷല്‍ ഓഫീസര്‍ കെ.വിനോദന്‍, ജയില്‍ അസോസിയേറ്റ്‌സ് ഓഫീസേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.സന്തോഷ്, നോഡല്‍ ഓഫീസര്‍ ജിതേഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാജി തയ്യില്‍ എന്നിവരും ഉള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍