ശബരിമലയിലെ നിരോധനാജ്ഞ; സഭയില്‍ ഇന്നും ബഹളം

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ച ഉടന്‍ ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. പ്ലാക്കാര്‍ഡും ബാനറും ഉയര്‍ത്തിയുള്ള ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് സീറ്റിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടങ്കിലും അവര്‍ ബഹളം തുടര്‍ന്നു.
ഇതിനിടെ സ്പീക്കര്‍ പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നിലേയ്ക്ക് വന്നു. പ്രതിപക്ഷ ബഹളം തുടര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി തുടര്‍ന്നു കൊണ്ടേയിരുന്നു.45 മിനിറ്റോളം മറുപടി തുടര്‍ന്നതോടെ പ്രതിപക്ഷ നേതാവ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് എഴുന്നേറ്റു. ഇതോടെ ബഹളം ഉച്ചസ്ഥിതിയിലായി. ചോദ്യോത്തരവേള റദ്ദാക്കിക്കൊണ്ട് ശബരിമലയിലെ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെങ്കിലും സ്പീക്കര്‍ അതനുവദിച്ചില്ല.ചോദ്യോത്തരവേളയിലെ അംഗങ്ങളുടെ ഉപചോദ്യം ചോദിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ 10.15 ഓടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍