ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ പോലീസിന് അധികാരമില്ല: ഡിജിപി

കൊച്ചി: പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധ ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യ ബാനറുകളും നീക്കാന്‍ പോലീസിന് അധികാരമില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അനധികൃത ഫ്‌ളക്‌സ്പരസ്യ ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജിയിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്. കേരള പോലീസ് ആക്ടിലും പഞ്ചായത്തീരാജ് ആക്ടിലും ഭേദഗതി വരുത്താത്തിടത്തോളം തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ മാത്രമേ പോലീസിനു കഴിയൂവെന്നു പോലീസ് വ്യക്തമാക്കി. സംസ്ഥാനത്തു ഫ്‌ളക്‌സ് സംസ്‌കാരം വ്യാപകമാണ്. എങ്കിലും നിയമത്തിന്റെ അഭാവത്തില്‍ സ്വന്തംനിലയ്ക്കു കേസെടുക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും പോലീസിനു കഴിയില്ല. നിലവിലെ സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയാല്‍ പോലീസിന് ഇടപെടാന്‍ കഴിയും. ദേശീയപാതകളിലാണ് അനധികൃത ബോര്‍ഡുകളെങ്കില്‍ ഹൈവേ അഥോറിറ്റിയുടെ പരാതിയില്‍ പോലീസിനു സഹായിക്കാന്‍ കഴിയും. ബോര്‍ഡുകള്‍ സഞ്ചാരത്തിനു തടസമായാല്‍ കേസെടുക്കാനാവുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍