ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവനകേന്ദ്രം ഇനി കാഞ്ഞങ്ങാട്ടും

കാസര്‍ഗോഡ്: ഭാരതീയ തപാല്‍ വകുപ്പിന്റെ നൂതന സംരംഭമായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവന കേന്ദ്രം ഇനി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലും ലഭ്യമാകും. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങ് കേരള സര്‍ക്കിള്‍ ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത ഉദ്ഘടനം ചെയ്തു. കാസര്‍ഗോഡ് പോസ്റ്റല്‍ സൂപ്രണ്ട് എം. ഉമ അധ്യക്ഷത വഹിച്ചു. ഐപിപിബി മാനേജര്‍ പോസ്റ്റ് മാസ്റ്റര്‍ പി.കെ.വിജയകുമാര്‍, അസി. പോസ്റ്റ്മാസ്റ്റര്‍ പി.സി. ഉഷ എന്നിവര്‍ പ്രസംഗിച്ചു. ആദ്യഘട്ടത്തില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റഎ സേവനം കാസര്‍ഗോഡ്, ഉപ്പള , മഞ്ചേശ്വരം, വോര്‍ക്കാടി, കുഞ്ചത്തൂര്‍ എന്നീ പോസ്റ്റ് ഓഫീസുകളില്‍ മാത്രമാണ് ലഭ്യമായിരുന്നത്. രണ്ടാം ഘട്ടത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് പുറമെ ബേക്കല്‍ ഫോര്‍ട്ട്, വിദ്യാനഗര്‍, പൈവളിഗെ പോസ്റ്റ് ഓഫീസുകളിലും സേവനം ലഭ്യമാകും. ഡിസംബര്‍ 31 ന് മുന്‍പായി ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ സേവനം ലഭ്യമാകും. ജില്ലയില്‍ ഉപ്പളയിലാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ പ്രധാന ശാഖ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ ബാങ്കിംഗ് ആയതിനാല്‍ അക്കൗണ്ട് തുടങ്ങുന്നതിനു രേഖകളുടെ ഫോട്ടോ കോപ്പിയും മറ്റും ആവശ്യമില്ല. അക്കൗണ്ട് തുടങ്ങുമ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കാര്‍ഡ് ഉപയോഗിച്ച് ഐപിപിബി ബ്രാഞ്ചുകളിലും പോസ്റ്റ് ഓഫീസുകളിലും പോസ്റ്റ്മാന്‍ മുഖാന്തരം വീടുകളില്‍ വച്ചും ഉപഭോക്താവിന് ഇടപാടുകള്‍ നടത്താവുന്നതാണ്. ഐപിപിബി അക്കൗണ്ട് സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും. സാധാരണ നിക്ഷേപങ്ങള്‍ക്ക് പുറമെ ഫണ്ട് ട്രാന്‍സ്ഫര്‍ , ബില്‍ പേയ്‌മെന്റ്‌സ്, എസ്എംഎസ്/ മിസ്ഡ് കാള്‍ ബാങ്കിംഗ്/ ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഐപിപിബി യുടെ സവിശേഷതകള്‍ ആണ്. നിലവില്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഐപിപിബി അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍