ഹെലികോപ്റ്റര്‍ ഇടപാട്: ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡികാലാവധി നീട്ടി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി അഞ്ചുദിവസത്തേക്കുകൂടി നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐജഡ്ജി അരവിന്ദ് കുമാറിനു മുമ്പാകെ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി ക്രിസ്റ്റ്യന്‍ മിഷേല്‍ സഹകരിക്കുന്നില്ലെന്നും ഒമ്പതു ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നേരത്തേ സമര്‍പ്പിച്ചതു പിന്‍വലിച്ച് വിശദമായ ജാമ്യാപേക്ഷയും പ്രതിഭാഗം സമര്‍പ്പിച്ചു. യുകെ പൗരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ കഴിഞ്ഞ നാലാംതീയതി രാത്രിയാണ് ഇന്ത്യയിലെത്തിച്ചത്. ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ 225 കോടി രൂപ വാങ്ങിയെന്നാണ് കേസ്. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകന്പനിയായ അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍നിന്ന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ യുപിഎ ഭരണകാലത്ത് ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ടാണ് കേസ്. ആരോപണം ക്രിസ്റ്റ്യന്‍ മിഷേല്‍ നിഷേധിച്ചിരുന്നു. അതിവിശിഷ്ട വ്യക്തികള്‍ക്കായുള്ള ഹെലികോപ്റ്റര്‍ വാങ്ങുന്നതിന് ഒപ്പിട്ട കരാറിലൂടെ ഖജനാവിന് 2,666 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍