ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്നു നിയമസഭാ സമിതി

തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളില്‍നിന്ന് ചെന്നൈയിലേക്കും തിരിച്ചും ലാഭകരമായ റൂട്ടുകളിലൂടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നിയമസഭാ സമിതി ശിപാര്‍ശ നല്‍കി. ഉത്സവസീസണുകളിലും വാരാന്ത്യങ്ങളിലും ചെന്നൈയില്‍ നിന്നു സംസ്ഥാനത്തേക്കു പ്രത്യേക ബസ് സര്‍വീസ് നടത്തണം. ചെന്നൈ മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവഡി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിപ്പിക്കണം. നിലവില്‍ താംബരത്തുനിന്ന് യാത്രതിരിക്കുന്ന ടെയിനുകള്‍ എഗ്‌മോറില്‍നിന്നും ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിലും റെയില്‍വേയിലും സമ്മര്‍ദം ചെലുത്തണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ ചെയര്‍മാനായ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം വേണം. നോര്‍ക്ക റൂട്ട്‌സ്, പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ചെന്നൈ ഉള്‍പ്പടെയുള്ള മറുനാടന്‍ മലയാളികള്‍ക്കിടയില്‍ എത്തിക്കാന്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. നോര്‍ക്ക അംഗത്വം നല്‍കലും കാര്‍ഡ് വിതരണവും സമയബന്ധിതമായി നടപ്പാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍