ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: കൊച്ചിയില്‍നിന്നെത്തിയ നാലു ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നു രാവിലെ കനത്ത സുരക്ഷയിലാണ് ഇവരെ പോലീസ് സന്നിധാനത്തെത്തിച്ചത്. സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു.സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍നിന്നും എരുമേലി വരെയെത്തിയ ഭിന്നലിംഗക്കാരെ പോലീസ് മടക്കി അയച്ചിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍