മെഡിക്കല്‍ കോളേജുകള്‍ ഗവേഷണ ശാലകളാകണം : മന്ത്രി കെ.കെ. ശൈലജ


തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍കോളേജുകള്‍ അനുവദിക്കുന്നതിന് പകരം നിലവിലെ മെഡിക്കല്‍ കോളേജുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ഗവേഷണശാലകളാക്കി മാറ്റണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം സംഘടിപ്പിച്ച 'ആനുവല്‍ കാര്‍ഡിയോളജി കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹൃദയ സംബന്ധമായ രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഭേദമാക്കാന്‍ കഴിയും. ഈ മേഖലയില്‍ മികച്ച സേവനമാണ് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നടത്തുന്നത്. ജീവിതശൈലി രോഗങ്ങളാണ് ഇത്തരം മഹാമാരിയിലേക്ക് നയിക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് ആരോഗ്യ വിദഗ്ദ്ധര്‍ പരിപാടിയില്‍ പങ്കെടുത്തു. മാറി വരുന്ന ജീവിത സാഹചര്യങ്ങള്‍ എങ്ങനെ ജനങ്ങളില്‍ രോഗം വിതയ്ക്കുന്നുവെന്നും ഹൃദ്രോഗ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെയുള്ള സിംപോസിയങ്ങളും ചര്‍ച്ചകളുമായി ഒരു ദിവസം നീണ്ടു നിന്ന പരിപാടി വളരെ ഗുണപ്രദമായിരുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. സുനിതാ വിശ്വനാഥന്‍, ഡോക്ടര്‍മാരായ എസ്. ടെന്നിസണ്‍, കെ. സുരേഷ്, ജി. വിജയരാഘവന്‍, സി.ജി. ബാഹുലേയന്‍, സുല്‍ഫിക്കര്‍ അഹമ്മദ് എം, ജി. ഗിരിജ, എ. ജോര്‍ജ് കോശി, പി. കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍