ക്യാപ്റ്റന്‍മാരുടെ വാക്‌പോര് ; അതൊക്കെ തമാശയെന്ന് ലാംഗര്‍

പെര്‍ത്ത്: രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കാണിച്ച അതിരുകടക്കാത്ത ആക്രമണ സ്വഭാവം ഇഷ്ടപ്പെടുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വിരാട് കോഹ്‌ലിയും ടിം പെയ്‌നുമായുള്ള വാക്‌പോര് തമാശയായിരുന്നുവെന്നും മര്യാദകെട്ടതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു നായകന്‍മാരും മത്സരത്തില്‍ തങ്ങളുടെ ആധികാരികത ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അല്ലാതെ ഇവര്‍ തമ്മില്‍ മര്യാദകേടോ കടുത്ത ആക്രമണമനോഭാവമോ അല്ല പുറത്തെടുത്തതെന്നും ഓസീസ് പരിശീലകന്‍ പറഞ്ഞു. ടെസ്റ്റ് മത്സരത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമെന്നും അത് മത്സരത്തിലെ വലിയൊരു ഭാഗമാണെന്നും സത്യത്തില്‍ കളത്തിലെ പെരുമാറ്റം തമാശയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ത്യയുടെ ആക്രമണസ്വഭാവത്തിനെതിരേ പിടിച്ചുനിന്ന തന്റെ ടീമിനെക്കുറിച്ച് സന്തോഷമുണ്ടെന്നും ലാംഗര്‍ പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 146 റണ്‍സിനു ജയിച്ചിരുന്നു. പന്ത് ചുരുണ്ടല്‍ വിവാദത്തിനുശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഒരു ടെസ്റ്റ് മത്സരത്തില്‍ ജയിക്കുന്നത്. കോഹ്‌ലിയും പെയ്‌നും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി, ഒരിക്കല്‍ ഡന്നീസ് ലിലിയും ജാവേദ് മിയാന്‍ദാദും ശാരീരിക ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ആന്‍ഡ്രു സൈമണ്ട്‌സ് ഒരിക്കല്‍ ഒരു കാണിയുമായി ഏറ്റുമുട്ടിയിരുന്നു, അതായിരുന്നു ഏറ്റവും വലിയ ഏറ്റുമുട്ടല്‍. നിരവധി കാമറകള്‍ ഉള്ള ഈ കാലത്ത് ഇത്തരം സംഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാനാവില്ലെന്ന് ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. ഇരു നായകന്‍മാരും തമ്മിലുള്ള വാക്‌പോര് സ്റ്റംപ് മൈക്രോഫോണാണ് പിടിച്ചെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍