ഓഖി ദുരിതാശ്വാസം : മത്സ്യത്തൊഴിലാളികളെ കേന്ദ്രം അവഗണിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിലുണ്ടായ നഷ്ടം വിലയിരുത്താന്‍ നിശ്ചയിച്ച സംഘം അടിയന്തര സഹായമായി 416 കോടി രൂപയാണ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ആ തുക പൂര്‍ണമായി സംസ്ഥാനത്തിനു ലഭിച്ചില്ല. മത്സ്യബന്ധന മേഖലയുടേയും ഇതര മേഖലകളുടേയും പുനഃസ്ഥാപനത്തിനു സംസ്ഥാന സര്‍ക്കാര്‍ 7340 കോടി രൂപയുടെ സ്‌പെഷല്‍ പാക്കേജ് തയാറാക്കി സമര്‍പ്പിച്ചിരുന്നെങ്കിലും അതു കണ്ട ഭാവംപോലും കേന്ദ്രസര്‍ക്കാര്‍ നടിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖിദുരന്തം അനുസ്മരണവും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേരളത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി, കേരളത്തിന്റെ സേനയായി മാറിയവരാണ് മത്സ്യത്തൊഴിലാളികള്‍. തീരപ്രദേശം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ദുരന്തമാണ് ഓഖി. അതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. എങ്കില്‍ മാത്രമേ ജീവിച്ചിരിക്കുന്നവരുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമാകാന്‍ സാധിക്കുകയുള്ളു എന്ന മനോഭാവത്തിലാണ് ദുരന്തസമയത്തും തുടര്‍ന്നുള്ള ഘട്ടങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നത്. ദുരന്തഘട്ടത്തില്‍ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പുനരുദ്ധാരണത്തിനുമാണു മുന്‍തൂക്കം നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചതിനേക്കാള്‍ വലിയ തുകയാണു സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിട്ടുള്ളതെന്നും അതേസമയം നാടിന്റെസമഗ്ര വികസനം യാഥാര്‍ഥ്യമാക്കുന്നതിനായി ദീര്‍ഘകാല വികസന പദ്ധികള്‍ പ്രത്യേകമായി നടപ്പിലാക്കേണ്ടതായുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 40,000 പേര്‍ക്ക് ലൈഫ് ജാക്കറ്റ്, 1000 സാറ്റ്‌ലൈറ്റ് ഫോണ്‍, 15,000 നാവിക് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. ഓഖി ദുരന്തകാലത്ത് കേരള സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിനു മാതൃകയായിരുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം പറഞ്ഞു. എന്നാല്‍, അവര്‍ ഇപ്പോള്‍ കേരളത്തേക്കാള്‍ അല്പം കൂടുതല്‍ വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. പരസ്പരം തര്‍ക്കിക്കാതെ ഒന്നായി പ്രവര്‍ത്തിച്ചാല്‍ കേരളത്തിന് ഇനിയും മുന്നിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എംഎല്‍എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, കെ. ആന്‍സലന്‍, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ കെ. വാസുകി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍