ഹര്‍ത്താലുകള്‍ കേരളത്തിനു വിനാശകരം: കെ.വി. തോമസ്

ന്യൂഡല്‍ഹി: ഹര്‍ത്താലുകളും മിന്നല്‍ ഹര്‍ത്താലുകളും കേരളത്തിനു വിനാരശകരമാണെന്നു പ്രഫ. കെ.വി. തോമസ് എംപി. ഹര്‍ത്താലില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ പ്രസ്ഥാനങ്ങളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.കേരളത്തിന്റെ വികസനത്തില്‍ വലിയപങ്കു വഹിക്കുന്നതു ടൂറിസം ആണ്. നിപ്പ വൈറസ്, ഓഖി ദുരന്തം, ഓഗസ്റ്റിലെ മഹാപ്രളയം എന്നിവമൂലം കേരള ടൂറിസത്തിന് വലിയ ആഘാതം ഉണ്ടായി. ഇതില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യമുണ്ടായപ്പോഴാണ് മിന്നല്‍ ഹര്‍ത്താലുകള്‍ വരുന്നത്. പ്രളയവും ഓഖിയും ഉണ്ടാക്കിയതിനെക്കാള്‍ വലിയ ദുരന്തമാണ് ഇതുമൂലം കേരളത്തിനു പൊതുവെയും ടൂറിസം മേഖലയില്‍ പ്രത്യേകിച്ചും സംഭവിച്ചത്. ഈ വര്‍ഷം മാത്രം 97 ഹര്‍ത്താലുകളാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നത്. ബിജെപി33, എല്‍ഡിഎഫ് 16, യുഡിഎഫ 27 എന്നിങ്ങനെയാണു കണക്കുകള്‍. ഫെബ്രുവരിയില്‍ 15 ഹര്‍ത്താലുകളാണുണ്ടായത്. ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ക്ക് ന്യായീകരണം ഉണ്ടെ ങ്കിലും പൊതുസമൂഹത്തിനും കേരളത്തിനാകെയും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്ന് തോമസ് ചൂണ്ടിക്കാട്ടി. ഇന്നലത്തെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ വ്യവസായ, വിനോദസഞ്ചാര കേന്ദ്രമായ കൊച്ചിയില്‍ മൂന്നു ടൂറിസ്റ്റ് കപ്പലുകളിലും രണ്ടു വിമാനങ്ങളിലുമായി എത്തിയ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് വിഷമത്തിലായത്. അന്തര്‍ദേശീയതലത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനുകളെയും ഹര്‍ത്താല്‍ ബാധിച്ചു. വളരെ മോശമായ അഭിപ്രയത്തോടെയായിരിക്കും കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകള്‍ തിരിച്ചു പോകുന്നത്. ഈ സാഹചര്യങ്ങളൊക്കെ മനസിലാക്കി മികവുറ്റ കേരളത്തിനുവേണ്ടി എല്ലാവരും പരിശ്രമിക്കണമെന്ന് തോമസ് അഭ്യര്‍ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍