രണ്ടു ദിവസത്തിനകം നിയമനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം പിഎസ്‌സി പട്ടികയില്‍നിന്നുള്ള നിയമനം നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ ബോര്‍ഡിന് എന്താണിത്ര മടിയെന്നും കോടതി ചോദിച്ചു. പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും ജോലിയില്‍ പ്രവേശിച്ചാല്‍ കാര്യങ്ങള്‍ അവര്‍ പഠിച്ചുകൊള്ളുമെന്നും കോടതി നിരീക്ഷിച്ചു. പുതിയ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്നും കോടതി വ്യക്തമാക്കി. എംപാനല്‍ ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.250 പേര്‍ക്ക് തിങ്കളാഴ്ച തന്നെ നിയമന ഉത്തരവ് നല്‍കിയതായും സത്യവാങ്മൂലത്തില്‍ തച്ചങ്കരി വ്യക്തമാക്കി. പിഎസ്‌സി ശിപാര്‍ശ ചെയ്തവരെ നിയമിക്കണമെന്ന വിധി നടപ്പാക്കാന്‍ വൈകിയതില്‍ കെഎസ്ആര്‍ടിസിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പിഎസ്‌സി ലിസ്റ്റില്‍നിന്നു ശിപാര്‍ശ ചെയ്തവരെ നിയമിച്ച് എംഡി ഇന്നുതന്നെ സത്യവാങ്മൂലം നല്‍കണമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍