റഫാല്‍: കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്നു പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുറുകുന്നു. കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മറുപടിയുമായി രംഗത്തുവന്നു. സുപ്രീംകോടതി നുണപറയുകയാണെന്നു കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഫാല്‍ കേസില്‍ കേന്ദ്രത്തിനനുകൂലമായ വിധി സുപ്രീംകോടതിയില്‍നിന്നു വന്നതിനെത്തുടര്‍ന്ന് ആഹ്ലാദത്തിലായ കേന്ദ്രസര്‍ക്കാരിന് വിധിയിലെ തന്നെ ചില പരാമര്‍ശങ്ങള്‍ വിനയാവുകയായിരുന്നു. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടു എന്നും പിഎസി പരിശോധിച്ചു എന്നുമുള്ള രീതിയില്‍ വിധിയില്‍ വന്ന പരാമര്‍ശമാണ് കേന്ദ്രത്തെ വെട്ടിലാക്കിയത്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്തിയിട്ടില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെ വിധിയില്‍ പിഴവുണ്ടെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ടു കേന്ദ്രം സുപ്രീംകോടതിയെത്തന്നെ സമീപിച്ചു. ഇതിനെച്ചൊല്ലിയാണിപ്പോള്‍ തര്‍ക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍