എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതകം, പദ്ധതികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ ഞെട്ടിപ്പിക്കുന്ന പദ്ധതികളുമായി മോദി സര്‍ക്കാര്‍. രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തെ രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി അരംഭിച്ചിരുന്നു. ഇത് വിപുലീകരിച്ച് എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ ഗ്യാസ് കണക്ഷനുകള്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം എല്ലാ സൗജന്യ കണക്ഷനുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ 1600 രൂപ വീതം എണ്ണക്കമ്പനികള്‍ക്ക് നല്‍കും. ഇത് സബ്‌സിഡിയായാണ് നല്‍കുക. എന്നാല്‍ സിലിണ്ടറിന്റെ സെക്യൂരിറ്റി ചാര്‍ജും ഇവ ഘടിപ്പിക്കുന്നതിന്റെ ഫിറ്റിംഗ് ചാര്‍ജുമാണ് ഇങ്ങനെ സബ്‌സിഡി നല്‍കുന്നത്. പദ്ധതി പ്രകാരം പാചകവാതകം വാങ്ങിക്കുന്നവര്‍ സ്വന്തമായി സ്റ്റൗ വാങ്ങിക്കണം. കൂടാതെ ആദ്യ തവണത്തെ സിലിണ്ടര്‍ വാങ്ങുന്നതിന്റെ ചെലവും മാസത്തവണകളായി കൊടുത്താല്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാര്‍ വച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള സിലിണ്ടര്‍ വാങ്ങുന്നതിന് വീട്ടുകാര്‍ തന്നെ പണം ചെലവഴിക്കേണ്ടിവരും.അതേസമയം, ഇപ്പോള്‍ കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ തിരിച്ചടികള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ആവര്‍ത്തിക്കാതിരിക്കാനാണ് കേന്ദ്രത്തിന്റെ ഈ പദ്ധതിയെന്ന വിലയിരുത്തലുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍