തിരിച്ചടിയില്‍ ആടിയുലഞ്ഞ് ബിജെപി; ബംഗാളിലെ റാലിയില്‍ നിന്ന് മോദി പിന്മാറി

കൊല്‍ക്കത്ത: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിനും തലവേദയാകുന്നു. പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ രഥയാത്ര റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന റാലിയില്‍ നിന്ന് പിന്മാറി. രഥയാത്ര നടന്നില്ലെങ്കിലും ഡിസംബര്‍ 16ന് സിലിഗുഡിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് അറിയിച്ചിരുന്നത്. എന്നാല്‍, റാലിക്ക് പ്രധാനമന്ത്രി എത്തുന്നില്ലെന്നാണ് ഒടുവില്‍ ഘോഷ് തന്നെ വെളിപ്പെടുത്തിയത്. മറ്റൊരു പ്രാസംഗികനായി നിശ്ചയിച്ചിരുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങും എത്തുന്നില്ലെന്നാണ് വിവരം. രമണ്‍സിങ്ങിന് എത്താന്‍ തടസ്സമൊന്നുമില്ലെന്നാണ് ഘോഷ് പറഞ്ഞത്. എന്നാല്‍ മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സെക്രട്ടറിമാരിലൊരാളുമായ രാഹുല്‍ സിന്‍ഹ പറഞ്ഞത് മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പുതിയ സാഹചര്യത്തില്‍ അദ്ദേഹം എത്തുകയില്ലെന്നുമാണ്. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിസ്ഥാനം പോയതിനു പുറമെ സ്വന്തം മണ്ഡലത്തില്‍ മൂന്നാമതാവുകയും ചെയ്ത രമണ്‍സിങ്ങിനെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സിന്‍ഹയുടെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍