സമ്പൂര്‍ണ ഇമാലിന്യ മുക്ത ജില്ലയാകാന്‍ എറണാകുളം

കൊച്ചി: ആപല്‍ക്കര മാലിന്യവും ഇലക്ട്രോണിക്‌സ് മാലിന്യവും പൂര്‍ണമായി നീക്കം ചെയ്യുന്ന ആദ്യ ജില്ലയാകാന്‍ എറണാകുളം ഒരുങ്ങുന്നു. ഹരിതകേരളം, ശുചിത്വമിഷന്‍ എന്നിവ സംയുക്തമായി ക്ലീന്‍ കേരള കന്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആപല്‍ക്കരമായ ഇലക്ട്രോണിക്‌സ് മാലിന്യത്തിന്റെ നിര്‍മാര്‍ജനം സംസ്‌കരണം എന്നിവ സാധ്യമാക്കുന്നതിന് അമ്പലമുകളില്‍ പ്രവര്‍ത്തിക്കുന്ന കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ധാരണയായിട്ടുണ്ട്. ഇവിടേക്ക് ആപല്‍ക്കരമായ ഇലക്ട്രോണിക്‌സ് മാലിന്യശ്രേണിയില്‍ പെടുന്ന ഉപയോഗശൂന്യമായ ട്യൂബ്, സിഎഫ്എല്‍ ബള്‍ബ്, ബാറ്ററികള്‍, ഫ്‌ളോപ്പി ഡിസ്‌ക്, സിഡി, പൊട്ടിയ മോണിട്ടര്‍, പിക്ചര്‍ ട്യൂബ്, ടോണര്‍ കാട്രിഡ്ജ്, ഡിവിഡി, പൊട്ടിയ ടിവികള്‍, കളിപ്പാട്ടങ്ങള്‍, സിപിയു, ലാപ്‌ടോപ്, യുപിഎസ്,കേബിള്‍, മൗസ്, ഫാക്‌സ് മെഷീന്‍, പ്രിന്റര്‍, പ്രൊജക്ടര്‍, സ്‌കാനര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇസ്തിരിപെട്ടി, വാട്ടര്‍ ഹീറ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസി, എയര്‍ കൂളര്‍, ഫാന്‍, മൊബൈല്‍ ഫോണ്‍, കണക്ടര്‍ തുടങ്ങിയവയടക്കമുള്ള സാധനങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും പൊതുസ്ഥലങ്ങളില്‍നിന്നു ശേഖരിക്കും. ജില്ലയിലെ ഓരോ പ്രദേശത്തേയും സര്‍ക്കാര്‍ ഓഫീസുകളിലെ ഇത്തരം മാലിന്യങ്ങള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ശേഖരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഐടി അറ്റ് സ്‌കൂള്‍, എന്‍എസ്എസ് എന്നിവ വഴി ശേഖരിക്കും. പ്രാദേശികതലത്തില്‍ സ്വകാര്യ ഓഫീസുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഗ്രാമപഞ്ചായത്തുകേന്ദ്രങ്ങളില്‍ സ്വീകരിച്ച് അവര്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഓരോ പ്രദേശങ്ങളില്‍ നിന്നും ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മാര്‍ജന കേന്ദ്രത്തിലെത്തിക്കുന്ന ഉത്തരവാദിത്വം കമ്പനിക്കാണ്. ഓരോ പ്രദേശത്തേക്കും പ്രത്യേകം തീയതി നിശ്ചയിച്ച് മാലിന്യം ശേഖരിക്കാനാണ് തീരുമാനം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് താഴെതട്ടിലേക്ക് പ്രചാരണം നടത്തുന്നതിനായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉടന്‍ വിളിക്കും. ബ്ലോക്കടിസ്ഥാനത്തില്‍ അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗവും ചേരും. എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് ഡപ്യൂട്ടി കളക്ടര്‍ എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരളം കോ ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍