കൊട്ടാരക്കര ചന്തയില്‍ വന്‍ തീപിടിത്തം: അന്‍പതോളം സ്റ്റാളുകള്‍ കത്തിനശിച്ചു

കൊട്ടാരക്കര: പ്രമുഖ വാണിജ്യവ്യാപാര കേന്ദ്രമായ കൊട്ടാരക്കര ചന്തയില്‍ വന്‍ തീപിടിത്തം. ചന്തക്കുള്ളിലെ അന്‍പതോളം സ്റ്റാളുകള്‍ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
ചന്തയ്ക്കുളളില്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് ആദ്യം തീപടര്‍ന്നത്. ഇതിനുള്ളിലാണ് വ്യാപാരവാണിജ്യ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. പച്ചക്കറി, ഉണക്കമീന്‍, തുണിക്കട, പലചരക്ക്, പ്ലാസ്റ്റിക്ക് വ്യാപാര കേന്ദ്രം, ഇരുമ്പു കട, പഴംപച്ചക്കറിക്കട, മലഞ്ചരക്ക്, പുളി, മരച്ചീനി, തുടങ്ങിയവയുടെ നിരവധി സ്റ്റാളുകളാണ് ഈ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 62 സ്റ്റാളുകളാണ് മുനിസിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഭൂരിപക്ഷവും കത്തിനശിച്ചു. ശേഷിക്കുന്നവയിലെ വ്യാപാര സാധനങ്ങളെല്ലാം ഉപയോഗശൂന്യമായിരിക്കുകയാണ്. ചന്തയില്‍ തീ പടരുന്നത് നാട്ടുകാരും വഴിയാത്രക്കാരുമാണ് പോലീസിലും ഫയര്‍ഫോഴ്‌സിലുമറിയിച്ചത്.
കൊട്ടാരക്കര, പത്തനാപുരം, കുണ്ടറ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ രണ്ടു മണിക്കൂര്‍ നേരത്തെ ശ്രമഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി വ്യാപാരികളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. ദേശീയ പാതയോരത്തെ ചന്തയിലുണ്ടായ തീപിടിത്തം പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതുമൂലം വന്‍ വിപത്താണ് ഒഴിവായത്. കൊടിക്കുന്നില്‍ സുരേഷ് എംപി., ഐഷാ പോറ്റി എംഎല്‍എ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍