കെ.ടി.ജലീല്‍ ചട്ടലംഘനം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിഷയത്തില്‍ ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബന്ധുനിയമന വിവാദം നിയമസഭാ നടപടികള്‍ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കെ.മുരളീധരന്‍ എം.പിയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തിന് അടിയന്തര പ്രധാന്യം ഇല്ലെന്നും സഭ നിറുത്തി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി ജലീലിന്റെ ബന്ധുവായ അദീബിന് എല്ലാ ചട്ടങ്ങളും മറികടന്നാണ് നിയമനം നല്‍കിയതെന്നായിരുന്നു മുരളീധരന്റെ ആരോപണം. ബന്ധു നിയമന വിവാദത്തെ മുഖ്യമന്ത്രി ലാഘവ ബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എം.ഡിക്കുള്ള യോഗ്യതയില്‍ മന്ത്രി മാറ്റം വരുത്തി. ബന്ധുവിനെ നിയമിക്കാനാണ് ഇത്തരത്തില്‍ യോഗ്യതയില്‍ മാറ്റംവരുത്തിയത്. എം.ബി.എക്കാര്‍ക്ക് ഇത്ര ക്ഷാമമുള്ള നാടല്ല കേരളമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. യോഗ്യത മാറ്റുമ്പോള്‍ അക്കാര്യം മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടു വരണമെന്ന് വകുപ്പു സെക്രട്ടറി കുറിപ്പ് എഴുതിയിരുന്നു. എന്നാല്‍, ഈ ആവശ്യം മന്ത്രി ജലീല്‍ തള്ളി.
എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചായിരുന്നു അദീബിന്റെ നിയമനമെന്ന് മുഖ്യമന്ത്രിയും ജലീലും ആവര്‍ത്തിച്ചു. നിയമനം നല്‍കിയത് ഡെപ്യൂട്ടേഷന്‍ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സര്‍ക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോള്‍ അദീബ് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങി. നിയമനം വഴി കോര്‍പറേഷന് ഒരു രൂപ പോലും നഷ്ടമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവര്‍ത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നായിരുന്നു ജലീലിന്റെ വാദം. 21 വര്‍ഷമായി സഭയിലുള്ള താന്‍ തെറ്റായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. തെറ്റുപറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും ജലീല്‍ വെല്ലുവിളിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തുപോയെങ്കിലും മുസ്‌ലിം ലീഗ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍