യുവതികള്‍ എത്തുമെന്ന് രഹസ്യ വിവരം, നിലയ്ക്കലില്‍ കര്‍ശന വാഹന പരിശോധന

പമ്പ: മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളില്‍ കനത്ത പൊലീസ് പരിശോധന. നിലയ്ക്കലിലെത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ അരിച്ചു പെറുക്കിയാണ് പൊലീസിന്റെ പരിശോധന. ശബരിമലയില്‍ നൂറോളം യുവതികള്‍ അടങ്ങുന്ന സംഘം എത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്നാണ് വിവരം. എന്നാല്‍ പതിവ് സുരക്ഷാ പരിശോധന മാത്രമാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസമായി ഭക്തരുടെ നിര വലിയനടപ്പന്തലിനു പുറത്തേക്കും നീണ്ടു. ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലും തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചില്ല. ഇന്നലെ പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ വലിയനടപ്പന്തലിലും ഫ്‌ളൈ ഓവറിലും തിങ്ങിഞെരുങ്ങിയാണ് ക്യൂ നിന്നത്. ഉച്ചയ്ക്ക് 12നു മുന്‍പായി 52,000 തീര്‍ത്ഥാടകര്‍ പമ്പയില്‍ നിന്ന് മലകയറി. രാത്രി ഏഴു മണിയോടെ 73,612 തീര്‍ത്ഥാടകരെത്തി. മലയാളികളെക്കാള്‍ അയല്‍സംസ്ഥാന തീര്‍ത്ഥാടകരാണ് ദര്‍ശനത്തിന് എത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍